ഇസ്ലാമാബാദ്: കശ്മീരില്‍ തീവ്രവാദം പ്രചരിപ്പിക്കാന്‍ അല്‍ ഖായ്ദ നേതാവ് ഒസാമ ബിന്‍ ലാദനില്‍ നിന്ന് പാകിസ്താന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം വാങ്ങിയിരുന്നുവെന്ന് ആരോപണം. തൊണ്ണൂറുകളില്‍ ജിഹാദ് പ്രചാരണത്തിനായി പണം കൈപ്പറ്റിയത് നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരുമെന്നും, ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പാകിസ്താന്‍ തെഹ്രീക്ക് എ ഇന്‍സാഫ് പാര്‍ട്ടി പ്രഖ്യാപിച്ചു.

2010-ല്‍ പാക് താലിബാന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഒരു രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഷെരീഫിന് എതിരെ ഇങ്ങനെയൊരു ആരോപണം ഉന്നയിക്കുന്നത്.

വിദേശ ശക്തികളില്‍ നിന്ന് പണം കൈപ്പറ്റി രാജ്യത്തിന്റെ ജനാധിപത്യത്തിന് എതിരെ ഗൂഢാലോചന നടത്തിയെന്ന പരാതിയില്‍ ഷെരീഫിന് എതിരെ കേസ് ഉടന്‍ ഫയല്‍ ചെയ്യുമെന്ന് പാര്‍ട്ടി വക്താവ് ഫവദ് ചൗധരി അറിയിച്ചു. നവാസ് ഷെരീഫ് പ്രധാനമന്ത്രി കസേര ഒഴിയണമെന്ന ആവശ്യവും പ്രതിപക്ഷനേതാവ് ഇമ്രാന്‍ ഖാന്‍ ഉന്നയിച്ചിട്ടുണ്ട്.