ഇസ്ലാമാബാദ്: പാക് പ്രധാന മന്ത്രി നവാസ് ഷെരീഫ് കൊടും ഭീകരന്‍ ഒസാമ ബിന്‍ ലാദനില്‍ നിന്ന് പണം കൈപ്പറ്റിയിട്ടുണ്ടെന്ന വിവാദ വെളിപ്പെടുത്തലുമായി മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്റെ ഭാര്യ രംഗത്ത്. ഖാലിദ് ഖ്വാജ എന്ന മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്റെ ഭാര്യ ഷമാമാ ഖാലിദാണ് വിവാദ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഇവര്‍ എഴുതിയ 'ഖാലിദ് ഖ്വാജ: ഷഹീദ് ഇ അമന്‍ ' എന്ന പുസ്തകത്തിലാണ് വെളിപ്പെടുത്തല്‍ ഉള്ളത്.

സിയാ ഭരണത്തിന് ശേഷം നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ബേനസീര്‍ ഭൂട്ടോയ്ക്ക് എതിരെ മത്സരിക്കുന്ന സമയത്താണ് ഷെരീഫ് ലാദനില്‍ നിന്ന് പണം കൈപ്പറ്റിയത്. പാകിസതാനില്‍ ഭരണത്തിലെത്തിയാല്‍ ഇസ്ലാമിക ഭരണക്രമം ഏര്‍പ്പെടുത്താമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. എന്നാല്‍ അധികാരത്തില്‍ എത്തിയതിനു ശേഷം ഷെരീഫ്  ഇതില്‍ നിന്ന് പിന്നോക്കം പോവുകയും ചെയ്തു എന്നും പുസ്തകത്തില്‍ പറയുന്നു.  

ഹൊന്‍ചൊ എന്ന അല്‍ഖ്വായിദ നേതാവാണ് നവാസിന് പണം നല്‍കിയതെന്നും ഈ സമയത്ത് ഖാലിദ് ഖ്വാജ നവാസിന്റെ വിശ്വസ്ഥനായിരുന്നു എന്നും പുസ്തകത്തില്‍ പറയുന്നുണ്ട്.  അബ്ദുള്ള അസ്സം എന്ന പലസ്തീനില്‍ നിന്നുള്ള സുന്നി ഭീകരന്‍ ഖാലിദ് ഖ്വാജയെ ലാദനുമായി പരിചയപ്പെടുത്തുകയുമുണ്ടായി എന്നും പറയുന്നു. അബ്ദുള്ള അസ്സം ആഗോള ഭീകരവാദത്തിന്റെ പിതാവെന്നാണ് അറിയപ്പെടുന്നത്.