ഇസ്‌ലാമാബാദ്: പാകിസ്താനിലെ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ പാകിസ്താന്‍ മുസ്‌ലിം ലീഗ് - നവാസ് (പിഎംഎല്‍ -എന്‍) അധ്യക്ഷനും പാക് മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സഹോദരനുമായ ഷെഹ്ബാസ് ഷെരീഫിന് കോവിഡ് 19 സ്ഥിരീകരിച്ചു. പാക് മുന്‍ പ്രധാനമന്ത്രി ഷാഹിദ് ഖഖാന്‍ അബ്ബാസി, റെയില്‍വെ മന്ത്രി ഷെയ്ഖ് റാഷിദ് അഹമ്മദ് എന്നിവര്‍ക്കു ശേഷം കോവിഡ് സ്ഥിരീകരിക്കുന്ന പാകിസ്താനിലെ പ്രമുഖ നേതാവാണ് ഷെഹബാസ് ഷെരീഫ്.
വൈറസ് ബാധ സ്ഥിരീകരിച്ചകാര്യം പിഎംഎല്‍ - എന്‍ നേതാക്കള്‍ സ്ഥിരീകരിച്ചിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പാകിസ്താനിലെ നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ (എന്‍എബി) യ്ക്ക് മുന്നില്‍ ഹാജരായതിന് പിന്നാലെയാണ് അദ്ദേഹത്തിന് കോവിഡ് ബാധ സ്ഥിരീകരിച്ചത്.
ഷെഹബാസ് ഷെരീഫ് കാന്‍സര്‍ രോഗി ആയതിനാല്‍ അദ്ദേഹത്തിന് പ്രതിരോധ ശേഷി കുറവാണെന്നകാര്യം എന്‍എബിയെ പലതവണ അറിയിച്ചിരുന്നുവെന്ന് പാര്‍ട്ടി നേതാക്കള്‍ അവകാശപ്പെട്ടു. വൈറസ് ബാധിക്കുമെന്ന ആശങ്കമൂലം ക്വാറന്റീനില്‍ കഴിഞ്ഞ അദ്ദേഹത്തിന് എന്‍എബിക്ക് മുന്നില്‍ ഹാജരാകാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങേണ്ടിവന്നു. അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദിത്തം പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനും എന്‍എബിക്കും ആയിരിക്കുമെന്നും പാര്‍ട്ടി നേതാക്കള്‍ കുറ്റപ്പെടുത്തി.
പാകിസ്താനിലെ പ്രവിശ്യാ മന്ത്രി അടക്കമുള്ളവര്‍ കോവിഡ് ബാധിച്ച് മരിച്ചിരുന്നു. 1,19,536 പേര്‍ക്കാണ് പാകിസ്താനില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 2356 പേര്‍ മരിച്ചു.
Content Highlights: Nawas Sharif's brother Shehbaz Sharif test COVID 19 positive