ഗാബറോണി: ബോട്‌സ്വാനയില്‍ ആനകള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതിന് കാരണം പ്രകൃത്യാലുള്ള വിഷപദാര്‍ഥങ്ങള്‍ മൂലമാവാമെന്ന് വനംവകുപ്പ്. ഒകവംഗോ നദീതടപ്രദേശത്ത് മാര്‍ച്ച് മാസം മുതല്‍ മുന്നൂറോളം ആനകള്‍ ചരിഞ്ഞതിന്റെ കാരണം അജ്ഞാതമായി തുടരുകയായിരുന്നു. പ്രകൃതിയില്‍ നിന്ന് തന്നെയുള്ള വിഷപദാര്‍ഥങ്ങള്‍ ഉള്ളിലെത്തുന്നതാവാം ദുരന്തത്തിന് പിന്നിലെന്നാണ് വനംവകുപ്പിന്റെ നിഗമനം. 

ലോകത്തില്‍ ഏറ്റവുമധികം ആനകളുള്ള സ്ഥലമാണ് ബോട്‌സ്വാന. 1,30,000 ത്തോളം ആനകളാണ് ഈ ആഫ്രിക്കന്‍ രാജ്യത്തുള്ളത്. മരണകാരണം ആന്ത്രാക്‌സ് രോഗമാവാനുള്ള സാധ്യത അധികൃതര്‍ തള്ളിക്കളഞ്ഞു. കൂടാതെ ചത്ത ആനകളുടെ കൊമ്പുകള്‍ നഷ്ടപ്പെട്ടിട്ടില്ലാത്തതിനാല്‍ ആനവേട്ടയല്ലെന്നും കണ്ടെത്തിയിട്ടുണ്ട്. 

ദക്ഷിണാഫ്രിക്ക, കാനഡ, സിംബാബ് വേ, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ നടത്തിയ പരിശോധനകളില്‍ നിന്ന് കൃത്യമായ കാരണം കണ്ടെത്താന്‍ സാധിച്ചിട്ടില്ലെന്നും പ്രകൃത്യാല്‍ തന്നെയുള്ള ഏതെങ്കിലും കാരണമാവാം ആനകള്‍ കൂട്ടത്തോടെ ചാകാന്‍ കാരണമെന്ന്‌ കരുതുന്നതായും വൈല്‍ഡ് ലൈഫ് ആന്‍ഡ് പാര്‍ക്ക്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി സിറില്‍ ടവോല അറിയിച്ചു. കെട്ടി നില്‍ക്കുന്ന ജലത്തിലെ ചിലയിനം ബാക്ടീരിയകള്‍ വിഷം ഉത്പാദിപ്പിക്കാറുണ്ടെന്നും ഈ വെള്ളം ഉള്ളിലെത്തി ആനകള്‍ ചാവാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

281 ആനകള്‍ ചത്തതായാണ് സര്‍ക്കാര്‍ നല്‍കുന്ന കണക്കെങ്കിലും 350 ലേറെ ആനകള്‍ ചത്തിട്ടുണ്ടെന്ന് പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു. ആനകളുടെ കൂട്ടമരണം ആദ്യമായി പുറത്തുവിട്ട എലിഫെന്റ് വിത്ഔട്ട് ബോഡേഴ്‌സ് എന്ന സംഘടനയുടെ ഏറ്റവും പുതിയ കണക്കനുസരിച്ച് ഈ പ്രദേശത്ത് പ്രായമോ ലിംഗഭേദമോ ഇല്ലാതെ 356 ആനകള്‍ ചത്തു. ശേഷിക്കുന്ന ആനകളില്‍ പലതിനും അമിതക്ഷീണമോ അനാരോഗ്യമോ കണ്ടുവരുന്നതായും സംഘടന പറയുന്നു.