വാഷിങ്ടണ്‍: ഇന്ത്യയുടെ ചന്ദ്രയാന്‍-2 ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്ന് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. വിക്രം ലാന്‍ഡര്‍ ഇറങ്ങേണ്ടിയിരുന്ന ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിന്റെ കൂടുതല്‍ വ്യക്തതയുള്ള ചിത്രങ്ങള്‍ നാസ പുറത്തുവിട്ടു.

വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നെന്നാണ് കരുതുന്നത്. എന്നാല്‍ ചന്ദ്രോപരിതലത്തില്‍ ലാന്‍ഡര്‍ എവിടെയാണ് പതിച്ചതെന്നതു സംബന്ധിച്ച കൃത്യമായ സ്ഥാനം കണ്ടെത്താനായിട്ടില്ല- നാസ വ്യക്തമാക്കി. 

നാസയുടെ റീകാനസിയന്‍സ് ഓര്‍ബിറ്ററിലെ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. ചന്ദ്രയാന്റെ ലക്ഷ്യസ്ഥാനത്തിന് മുകളില്‍ 150 കിലോമീറ്റര്‍ വിസ്തൃതിയുള്‍പ്പെടുന്ന മേഖലയുടെ ചിത്രമാണ് പകര്‍ത്തിയിരിക്കുന്നത്. സെപ്റ്റംബര്‍ 17 ന് ആണ് വിക്രം ലാന്‍ഡറിന്റെ ലക്ഷ്യസ്ഥാനത്തിന് മുകളിലൂടെ സഞ്ചരിച്ച് റീകാനസിയന്‍സ് ഓര്‍ബിറ്റര്‍ ചിത്രങ്ങള്‍ പകര്‍ത്തിയത്. 

ചിത്രം പകര്‍ത്തിയ സമയത്ത് വെളിച്ചം കുറവായിരുന്നു. പല മേഖലകളും നിഴലിനു കീഴിലായിരുന്നു. ഇതുമൂലമാകാം ചിത്രത്തില്‍ വിക്രം ലാന്‍ഡറിനെ തിരിച്ചറിയാന്‍ സാധിക്കാത്തതെന്നാണ് കരുതുന്നത്. അടുത്ത ഘട്ടത്തില്‍ ഒക്ടോബര്‍ 14ന് നിരീക്ഷണ ഓര്‍ബിറ്റര്‍ ദക്ഷിണ ധ്രുവത്തിനു മുകളിലൂടെ വീണ്ടും സഞ്ചരിക്കും. ഈ സമയത്ത് കൂടുതല്‍ മികച്ച വെളിച്ചം ഈ മേഖലയില്‍ ഉണ്ടാവും. അങ്ങനെയാണെങ്കില്‍ വിക്രം ലാന്‍ഡറിന്റെ ചിത്രമെടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും നാസ വ്യക്തമാക്കി.

ഇന്ത്യന്‍ ബഹിരാകാശ ഗവേഷണചരിത്രത്തിലെ അഭിമാന അധ്യായമായി മാറുമായിരുന്ന ചന്ദ്രയാന്‍ 2 ന് ദൗത്യം പൂര്‍ത്തീകരിക്കാനായിരുന്നില്ല. ചാന്ദ്രയാന്‍-2 ദൗത്യത്തിന്റെ ഭാഗമായി വിക്രം ലാന്‍ഡര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കു ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായിരുന്നു. ചന്ദ്രോപരിതലത്തില്‍ സുരക്ഷിതമായി സോഫ്റ്റ് ലാന്‍ഡിങ്ങിന് നിമിഷങ്ങള്‍ ബാക്കി നില്‍ക്കെയാണ് വിക്രം ലാന്‍ഡര്‍ മുന്‍ നിശ്ചയിച്ച പാതയില്‍ നിന്ന് തെന്നി മാറിയത്. വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തിലേക്കു ഇടിച്ചിറങ്ങിയതാവാം എന്നുള്ള അനുമാനത്തിലാണ് ഐ.എസ്.ആര്‍.ഒ എത്തിച്ചേര്‍ന്നത്.

Content Highlights: NASA shares images of Chandrayaan 2 landing site, says Vikram had hard landing