വാഷിങ്ടണ്‍: നാസയുടെ രണ്ട് ബഹിരാകാശ ശാസ്ത്രജ്ഞരെയും വഹിച്ചുകൊണ്ട് അമേരിക്കന്‍ സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍-9 റോക്കറ്റ് ചരിത്രം രചിച്ച് കുതിച്ചുയര്‍ന്നു. 'സ്വകാര്യ വാഹനത്തില്‍' ബഹിരാകാശസഞ്ചാരികളെ എത്തിക്കാന്‍ നാസ നടത്തുന്ന ആദ്യ ദൗത്യമാണിത്.

ശനിയാഴ്ച പ്രാദേശിക സമയം 3.22 PM ഓടെ(ഇന്ത്യന്‍ സമയം 12.53 AM) ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിലെ 39 എ ലോഞ്ച് പാഡില്‍നിന്നായിരുന്നു വിക്ഷേപണം. ബഹിരാകാശ ശാസ്ത്രജ്ഞരായ ഡഗ്ലസ് ഹര്‍ളി, റോബര്‍ട്ട് ബോബ് ബെങ്കന്‍ എന്നിവരാണ് സഞ്ചാരികള്‍. 19 മണിക്കൂര്‍ കൊണ്ട് ഇവര്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്റ്റേഷനിലെത്തും. നേരത്തെ ബുധനാഴ്ച വിക്ഷേപണം തീരുമാനിച്ചിരുന്നെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.

2011നുശേഷം റഷ്യയുടെ വാഹനങ്ങളിലായിരുന്നു യു.എസ്. യാത്രികര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കെത്തിയിരുന്നത്. നാസയുടെ മുന്‍ ബഹിരാകാശ ദൗത്യങ്ങളില്‍ പങ്കെടുത്തിട്ടുള്ള മുതിര്‍ന്ന ശാസ്ത്രജ്ഞരാണ് ഹര്‍ളിയും ബെങ്കറും. 1961 മുതല്‍ ഉപയോഗിക്കുന്ന ടിന്‍-കാന്‍ ആസ്‌ട്രോവാന്‍ ഉപേക്ഷിച്ച് മസ്‌കിന്റെതന്നെ കമ്പനിയായ ടെസ്‌ലയുടെ ഇലക്ട്രിക് കാറിലാകും ഇരുവരും വിക്ഷേപണത്തറയിലെത്തുക.

സ്‌പെയ്സ് എക്‌സും ബോയിങ്ങും ചേര്‍ന്നാണ് 680 കോടി ഡോളര്‍ ചെലവുള്ള ദൗത്യം നടത്തുന്നത്. ബഹിരാകാശദൗത്യങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലായിരുന്നെങ്കിലും ചെറുപദ്ധതികളില്‍ സ്വകാര്യപങ്കാളിത്തം അനുവദിച്ച് 2010-ല്‍ ബരാക് ഒബാമയുടെ കാലത്ത് തീരുമാനമായിരുന്നു.

content highlights: nasa resumes human spaceflight from us soil with historic SpaceX launch