Screengrab from the video uploaded by NASA
ന്യൂയോര്‍ക്ക് : ഒരു പതിറ്റാണ്ട് എന്നൊക്കെയുള്ളത് മനുഷ്യരെ സംബന്ധിച്ചിടത്തോളം വലിയ കാലയളവാണ്. എന്നാല്‍ പ്രപഞ്ചത്തിലെ സംഭവവികാസങ്ങള്‍ക്ക് അതൊരു തീരെച്ചെറിയ കാലയളവും. സൗരയൂഥത്തിന്റെ ഊര്‍ജകേന്ദ്രമാണ് സൂര്യന്‍. നാമടക്കം ഭൂമിയിലെ സകല ജീവജാലങ്ങളും നിലനില്‍ക്കുന്നത് സൂര്യന്‍ കാരണമാണ്. അങ്ങനെയുള്ള സൂര്യന്റെ 11 വര്‍ഷം എങ്ങനെയുള്ളതായിരിക്കും.
അത്തരത്തിലൊരു ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുകയാണ് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസ. ഭൂമിയെ ഭ്രമണം ചെയ്തുകൊണ്ടിരിക്കുന്ന നാസയുടെ സോളാര്‍ ഡൈനാമിക ഓബ്‌സര്‍വേറ്ററി പകര്‍ത്തിയ 11 വര്‍ഷത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച വീഡിയോയാണ് നാസ പുറത്തുവിട്ടത്.
11 വര്‍ഷത്തെ ചിത്രങ്ങള്‍ ചേര്‍ത്തുവെച്ച വീഡിയോയ്ക്ക് ഒരു മണിക്കൂറോളമാണ് ദൈര്‍ഘ്യം. സൂര്യന്റെ ഇത്രയും കാലത്തെ ചാക്രിക പ്രവര്‍ത്തനങ്ങള്‍ ഭൂമിയെ എങ്ങനെയൊക്കെ ബാധിക്കുന്നുവെന്നൊക്കെ പഠിക്കാന്‍ ഇതിലൂടെ ശാസ്ത്രജ്ഞരെ സഹായിക്കുക എന്നതാണ് നാസ ഉദ്ദേശിക്കുന്നത്. സൗരപ്രവര്‍ത്തനങ്ങളുടെ ഉയര്‍ച്ച താഴ്ചകള്‍ ഇതിലൂടെ വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കും.
നാസ പുറത്തുവിട്ട വീഡിയോയിലെ ഒരോ ഫോട്ടോയും ഓരോ മണിക്കൂറിലെയും സൂര്യന്റെ ദൃശ്യങ്ങളാണ്. ഇത്തരത്തില്‍ 61 മിനിറ്റ് ദൈര്‍ഘ്യത്തില്‍ ഓരോ ചിത്രങ്ങളും ചേര്‍ത്തുവെച്ച, മനോഹമായ സൂര്യന്റെ ഭ്രമണം വീക്ഷിച്ചത് നിരവധി ആളുകളാണ്.
സൂര്യന്റെ ഒരു പതിറ്റാണ്ടെന്ന പേരിലാണ് നാസ ഈ വീഡിയോ യൂട്യൂബില്‍ അപ്‌ലോഡ് ചെയ്തത്. ആറു ലക്ഷത്തിന് മുകളില്‍ ആളുകളാണ് ഇത് കണ്ടിരിക്കുന്നത്. 42.5 കോടി ഹൈ റെസലൂഷ്യനിലുള്ളതാണ് സോളാര്‍ ഡൈനാമിക് ഒബ്‌സര്‍വേറ്ററി പകര്‍ത്തിയ സൂര്യന്റെ ഒരോ ചിത്രവും.
Content Highlights: NASA Releases Stunning decade of Sun
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..