വാഷിങ്ടണ്‍: നാസയുടെ ഓര്‍ബിറ്ററിനും വിക്രം ലാന്‍ഡറിന്റെ സൂചന നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍ 2 ദൗത്യത്തിന്റെ പ്രതീക്ഷ മങ്ങുന്നു. ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍ ഗവേഷണങ്ങള്‍ക്കും ചാന്ദ്രദൗത്യങ്ങള്‍ക്കുമായി നാസ വിക്ഷേപിച്ച ലൂണാര്‍ റീകോനസന്‍സ് ഓര്‍ബിറ്ററിന് (LRO) വിക്രം ലാന്‍ഡറിനെക്കുറിച്ചുള്ള സൂചന ലഭിക്കാത്തതാണ് ഇന്ത്യന്‍ പ്രതീക്ഷയ്ക്ക് മങ്ങലേല്‍പിച്ചത്. 

2009 ല്‍ വിക്ഷേപിച്ച ഈ ഓര്‍ബിറ്റര്‍ ചൊവ്വാഴ്ച വിക്രം ലാന്‍ഡര്‍ ഇടിച്ചിറങ്ങിയതായി കരുതുന്ന ചന്ദ്രോപരിതലഭാഗം കടന്നുപോയിരുന്നുവെങ്കിലും ലാന്‍ഡറെക്കുറിച്ച് സൂചന നല്‍കാന്‍ സാധിക്കുന്ന ചിത്രങ്ങളോ സിഗ്നലുകളോ ഓര്‍ബിറ്ററിന് ശേഖരിക്കാന്‍ സാധിച്ചില്ല എന്ന് നാസ അറിയിച്ചു. സൂര്യപ്രകാശം താരതമ്യേന കുറവായ സമയത്ത് എല്‍ആര്‍ ഓര്‍ബിറ്റര്‍ ഈ ഭാഗത്ത് കൂടി കടന്നു പോയതിനാലാവും ലാന്‍ഡറിന്റെ സൂചന ലഭിക്കാത്തതെന്നും നാസ വ്യക്തമാക്കി. 

ലാന്‍ഡറിന്റെ കൃത്യമായ സ്ഥാനം ഇതുവരെ നിര്‍ണയിക്കാനാവാത്തതിനാല്‍ അത് സംബന്ധിച്ചുള്ള വിവരം ഓര്‍ബിറ്ററെ ധരിപ്പിക്കാന്‍ സാധിക്കാത്തതും എല്‍ആര്‍ഒ ക്യാമറയ്ക്ക് ലാന്‍ഡറിന്റെ വിവരശേഖരണത്തിന് തടസമായതായി നാസയുടെ പ്ലാനെറ്ററി സയന്‍സ് ഡിവിഷന്റെ പബ്‌ളിക് അഫയേഴ്‌സ് ഓഫീസറായ ജോഷ്വ എ ഹന്‍ഡല്‍ അറിയിച്ചു. ലാന്‍ഡറെ പ്രവര്‍ത്തനക്ഷമമാക്കാനുള്ള  ഐഎസ്ആര്‍ഒയുടെ ശ്രമങ്ങള്‍ക്കൊപ്പം നാസയും പങ്കു ചേര്‍ന്നത് പ്രതീക്ഷ ഉയര്‍ത്തിയിരുന്നു. 

എന്നാല്‍ 12 ദിവസം കടന്നുപോകുമ്പോള്‍ ലാന്‍ഡറില്‍ നിന്ന് സിഗ്നലുകള്‍ ലഭിക്കാനുള്ള സാധ്യത ഇല്ലാതാവുകയാണ്. സൂര്യപ്രകാശം കുറച്ച് ലഭിക്കുന്ന ഭാഗത്തായാണ് ലാന്‍ഡര്‍ ഇറങ്ങിയത്. അതിനാല്‍ തന്നെ സിഗ്നലുകള്‍ അയയ്ക്കാനും സ്വീകരിക്കാനും കഴിയാത്ത സാഹചര്യത്തില്‍ ലാന്‍ഡറിന്റെ സോളാര്‍ പാനലുകള്‍ റീചാര്‍ജ് ചെയ്യാനുള്ള സാധ്യത ഇല്ലാതാകും. 

ലാന്‍ഡറിന്റെ ആയുസ്സ് ചന്ദ്രനിലെ ഒരു പകല്‍ ദിനമാണ് (ഭൂമിയിലെ 14 ദിനം). വെള്ളിയാഴ്ച സമയപരിധി അവസാനിക്കും. അതിനാല്‍ ലാന്‍ഡറുമായി ആശയവിനിമയ ബന്ധം പുനഃസ്ഥാപിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ചന്ദ്രന്റെ ഭ്രമണപഥത്തില്‍ ചുറ്റുന്ന ഓര്‍ബിറ്റര്‍ ഏഴ് വര്‍ഷം വരെ പ്രവര്‍ത്തിക്കും. ഓര്‍ബിറ്ററില്‍നിന്ന് ചന്ദ്രനെക്കുറിച്ച് കൂടുതല്‍ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ശാസ്ത്രജ്ഞര്‍.

വിക്രം ലാന്‍ഡറിന്റെ ചന്ദ്രനിലേക്കുള്ള ഇറങ്ങല്‍ കൃത്യമായിരുന്നെങ്കില്‍ ഇന്ത്യയുടെ ബഹിരാകാശ ഗവേഷണ ചരിത്രത്തിലെ അഭിമാന ഏടായി മാറുമായിരുന്നു ചന്ദ്രയാന്‍ 2 ദൗത്യം. എന്നാല്‍ ഉദ്ദേശിച്ച രീതിയില്‍ നിന്ന് വ്യതിചലിച്ച് വിക്രം ലാന്‍ഡര്‍ സെപ്റ്റംബര്‍ ഏഴിന് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങുകയായിരുന്നു. 

 

Content Highlights: NASA orbiter camera fails to capture image of Vikram Lander