വാഷിങ്ടണ്‍: നാസയുടെ അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിന്റെ പ്രധാന ഭാഗം അടര്‍ന്നുപോയി. പര്യവേഷണ കേന്ദ്രത്തിന്റെ ഫാബ്രിക് ഷീല്‍ഡാണ് ഇളകിപ്പോയത്. ഈ ഭാഗം ഇപ്പോള്‍ ബഹിരാകാശത്ത് സ്വതന്ത്രമായി ഒഴുകി നടക്കുകയാണ്.

നാസയിലെ പര്യവേഷകരായ പെഗ്ഗി വിറ്റ്‌സണ്‍, ഷെയ്ന്‍ കിംബ്രോ എന്നിവരുടെ ബഹിരാകാശ നടത്തത്തിനിടെയാണ് ഷീല്‍ഡ് നഷ്ടമായത്. താപനില ഉയരുമ്പോള്‍ അതില്‍ നിന്നും പര്യവേഷകരെ സംരക്ഷിക്കുന്നതിനുള്ള ഉപകരണമായിരുന്നു ഈ ഷീല്‍ഡ്. കഴിഞ്ഞയാഴ്ചയായിരുന്നു സംഭവം. ഷീല്‍ഡ് നഷ്ടമായയുടന്‍ വിറ്റ്‌സണിന്റെ ശബ്ദത്തിന് ബുദ്ധിമുട്ട് നേരിട്ടുവെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതിഗതികള്‍ ഇപ്പോള്‍ സാധാരണനിലയിലായിട്ടുണ്ടെന്ന് നാസാ വക്താവ് ഡാന്‍ ഹുവോ അറിയിച്ചു. 

ഇളകിപ്പോയ ഭാഗത്തിന് പകരം മറ്റൊരു ആവരണം കൊണ്ട് ഇളകിപ്പോയ ഭാഗം അടച്ചതായി നാസ അറിയിച്ചു.

എന്നാല്‍ എന്താണ് ഷീല്‍ഡ് നഷ്ടപ്പെടാന്‍ കാരണമായതെന്നും എങ്ങനെ സംഭവിച്ചുവെന്നും ഇതുവരെ വ്യക്തമായിട്ടില്ല. ബഹിരാകാശ നടത്തത്തിനിടെ ഇതാദ്യമായാണ് നാസയ്ക്ക് ഇത്തരമൊന്ന്‌ സംഭവിക്കുന്നത്.