വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി അടുത്ത ബന്ധം സ്ഥാപിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ആഗ്രഹിച്ചിരുന്നതായി വെളിപ്പെടുത്തല്‍. അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ ബോബ് വുഡ്വാര്‍ഡിന്റെ ഏറ്റവും പുതിയ പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തൽ.

അമേരിക്കൻ പ്രസിഡന്റുമാർ ഏറ്റവും അടുത്ത ബന്ധമുള്ള നേതാക്കള‍െ മാത്രം സ്വീകരിക്കുന്ന പ്രസിഡന്‍ഷ്യല്‍ റിസോര്‍ട്ടായ ക്യാമ്പ് ഡേവിഡില്‍ ട്രംപിനൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായാണ് വെളിപ്പെടുത്തലുള്ളത്. അങ്ങനെ ട്രംപുമായി അടുത്ത ബന്ധമുണ്ടാക്കണമെന്ന് മോദി ആഗ്രഹിച്ചിരുന്നതായും പുസ്തകം പറയുന്നു. പുസ്തകം അമേരിക്കയില്‍ വലിയ വിവാദങ്ങള്‍ക്കും വഴിവെച്ചിരിക്കുകയാണ്.

വൈറ്റ് ഹൗസിനെ കേന്ദ്ര പശ്ചാത്തലമാക്കി എഴുതിയിരിക്കുന്ന പുസ്തകത്തില്‍ ഇന്ത്യയെക്കുറിച്ചും മോദിയുടെ 2017ലെ അമേരിക്കന്‍ സന്ദര്‍ശനത്തെക്കുറിച്ചും വിശദമായ പരാമര്‍ശങ്ങളാണുള്ളത്. ട്രംപ് ഭരണത്തിന്‍കീഴില്‍ വൈറ്റ് ഹൗസിനുള്ളില്‍ നടക്കുന്ന കാര്യങ്ങളെ അടുത്തുനിന്നു നോക്കിക്കാണുന്ന വ്യക്തിയുടെ വിവരണങ്ങളായാണ് 448 പേജുകളുള്ള പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. എന്നാല്‍,'ഫിയര്‍; ട്രംപ് ഇന്‍ ദ വൈറ്റ് ഹൗസ്' എന്ന പുസ്‌കത്തെ തമാശ എന്ന് പറഞ്ഞ് തള്ളിക്കളയുകയാണ് ട്രംപ് ചെയ്തത്. 

2017 ജൂണ് 26 ലെ മോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി അന്നത്തെ അമേരിക്കന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് എച്ച്.ആര്‍.മക്മാസ്റ്റര്‍ വൈറ്റ് ഹൗസ് ചീഫ് റെയിന്‍സ് പ്രീബസുമായി കൂടിക്കാഴ്ച്ച നടത്തിയെന്ന് പുസ്തകത്തില്‍ പറയുന്നു. ഇന്ത്യയുമായി അമേരിക്ക ശക്തമായ ബന്ധം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ച വ്യക്തിയാണ് മക്മാസ്റ്റര്‍.

ബരാക് ഒബാമ ഏറെ പുകഴ്ത്തിയിട്ടുള്ള ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക് സന്ദര്‍ശനത്തിനായി എത്തി. തീവ്രവാദത്തെ അതിശക്തമായി എതിര്‍ക്കുന്ന ഇന്ത്യ പാകിസ്താന്റെ ബദ്ധവൈരിയാണ്. മുമ്പെന്നതു പോലെ പുതിയ പാക്  ഭരണകൂടത്തെയും ആശങ്കയിലാക്കാന്‍ ഇന്ത്യക്ക് കഴിയുന്നുണ്ട്. മോദിക്ക് ക്യാമ്പ് ഡേവിഡില്‍ പോകണമെന്നും ട്രംപുമായൊന്നിച്ച് അത്താഴം കഴിക്കണമെന്നും ആഗ്രഹമുണ്ടെന്നും അതിന് അവസരമുണ്ടാക്കണമെന്ന് മക്മാസ്റ്റര്‍ പ്രീബസിനോട് ആവശ്യപ്പെട്ടുവെന്നും പുസ്തകം പറയുന്നു. 

എന്നാല്‍ അത്തരമൊരു അത്താഴവിരുന്ന് സന്ദർശക പദ്ധതിയിൽ  ഇല്ലെന്ന് കാട്ടി പ്രീബിയസ് മക്മാസ്റ്ററെ നിരുത്സാഹപ്പെടുത്തി. വൈറ്റ്ഹൗസില്‍ വച്ച് തന്നെ രാഷ്ട്രത്തലവന്മാര്‍ തമ്മില്‍ കൂടിക്കാഴ്ച്ച നടത്തുമെന്നും അത്താഴം കഴിക്കുമെന്നും പ്രീബിയസ് പറഞ്ഞു. ട്രംപ് അതാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മക്മാസ്റ്ററെ രോഷാകുലനാക്കിയെന്നും പുസ്തകത്തിലുണ്ട്.

പുസ്തകത്തെക്കുറിച്ചോ അതിലെ പരാമര്‍ശങ്ങളെക്കുറിച്ചോ പ്രതികരിക്കാന്‍ പ്രധാനമന്ത്രിയുടെ ഓഫീസ് തയ്യാറായിട്ടില്ല. വാഷിംഗ്ടണില്‍ നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ക്യാംപ് ഡേവിഡ് അമേരിക്കന്‍ പ്രസിഡന്റുമാര്‍ നിരവധി ലോകനേതാക്കള്‍ക്ക് വിരുന്ന് നല്‍കിയതിലൂടെ പ്രസിദ്ധമായ ഇടമാണ്. 

content highlights: Narendra Modi,Camp David,Bob Woodward,Donald Trump