വാഷിംങ്ടണ്‍: യുഎസ് ആസ്ഥാനമായുള്ള 'ഗ്ലോബല്‍ ലീഡര്‍ അപ്രൂവല്‍ ട്രാക്കര്‍ മോര്‍ണിംഗ് കണ്‍സള്‍ട്ട് സര്‍വേ' നടത്തിയ സര്‍വെയില്‍ പതിമൂന്ന് ലോക നേതാക്കളുടെ പട്ടികയില്‍ എറ്റവുമധികം അംഗീകാരമുള്ള (അപ്പ്രൂവല്‍ റേറ്റിംങ്) നേതാവ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ആഴ്ചതോറും അപ്‌ഡേറ്റ് ചെയ്യപ്പെടുന്ന കണക്കുകളുടെ അടിസ്ഥാനത്തിലാണ് റേറ്റിങ് നിശ്ചയിക്കുന്നത്. സെപ്റ്റംബര്‍ 2ന് പുറത്തുവന്ന കണക്കുകളിലാണ് മറ്റ് ലോക നേതാക്കളെ പിന്തള്ളി നരേന്ദ്ര മോദിക്ക് ഉയര്‍ന്ന റേറ്റിങ് ലഭിച്ചത്.

മെക്‌സിക്കന്‍ പ്രസിഡന്റ് ആന്ദ്രെസ് മാനുവല്‍ ലോപ്പസ് ഒബ്രഡോര്‍, ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍, യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍, ഓസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍, കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ, യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍,  ബ്രസീലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ എന്നിവരെക്കാള്‍ വളരെ മുന്നിലാണ് നരേന്ദ്ര മോദി. എഴുപതു ശതമാനമാണ് മോദിയുടെ റേറ്റിംഗ്. 

മുതിര്‍ന്നവരുടെ ഇടയില്‍ ഏറ്റവും കുറവ് പേര്‍ നിരസിച്ച (ഡിസപ്പ്രൂവല്‍ റേറ്റിംങ്) നേതാവും പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഇന്ത്യയില്‍ നിന്ന് സര്‍വേയില്‍ പങ്കെടുത്ത മുതിര്‍ന്നവരില്‍ 25 ശതമാനം പേര്‍ മാത്രമാണ് അദ്ദേഹത്തെ അംഗീകരിക്കാതിരുന്നത്.

മോര്‍ണിംഗ് കണ്‍സള്‍ട്ടിന്റെ ഡാറ്റ പ്രകാരം കഴിഞ്ഞ ആഴ്ചയും സര്‍വേയില്‍ പങ്കെടുത്ത പതിമൂന്ന് ആഗോള നേതാക്കളില്‍ ഏറ്റവും ഉയര്‍ന്ന അംഗീകാരം ലഭിച്ചത് മോദിക്കായിരുന്നു. ഈ വര്‍ഷം ജൂണില്‍, മോദിയുടെ റേറ്റിംഗ് 66 ശതമാനമായി കുറഞ്ഞിരുന്നു. 2019 ഓഗസ്റ്റിലാണ് മോദിക്ക് ഏറ്റവും വലിയ റേറ്റിംങ് ലഭിച്ചത്. 82 ശതമാനമായിരുന്നു 2019 ഓഗസ്റ്റില്‍ അദ്ദേഹത്തിന്റെ റേറ്റിംങ്.

Content Highlights: Narendra Modi has the highest approval rating among world leaders as per morning consult survey