റങ്കൂണ്‍: മ്യാന്‍മറില്‍ വീണ്ടും സൈനിക അട്ടിമറി. ഭരണകക്ഷിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി (എന്‍.എല്‍.ഡി.) നേതാവ് ആങ് സാന്‍ സ്യൂചിയും പ്രസിഡന്റ് വിന്‍ മിന്റും ഉള്‍പ്പെടെയുള്ള പ്രധാന നേതാക്കള്‍ തടങ്കലിലാക്കിയ സൈനിക നേതൃത്വം രാജ്യത്ത് ഒരു വര്‍ഷത്തെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. 

പ്രധാന ഭരണകക്ഷി നേതാക്കളെയെല്ലാം തടങ്കലിലാക്കിയിട്ടുണ്ട്. ഇന്ന് പുലര്‍ച്ചെയോടെയാണ് നേതാക്കളെ വീട്ടുതടങ്കലിലാക്കിയത്. പുതിയതായി തിരിഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികള്‍ നാളെ അധികാരം ഏറ്റെടുക്കാനിരിക്കെയാണ് സൈനിക നടപടി. 

രാജ്യത്ത് ഔദ്യോഗിക ടിവി, റേഡിയോ പ്രവര്‍ത്തനം നിര്‍ത്തിവച്ചു. പ്രധാന നഗരങ്ങളെല്ലാം സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. തലസ്ഥാനമായ നൈപിതോയില്‍ ടെലിഫോണ്‍ ഇന്റര്‍നെറ്റ് സേവനങ്ങളും വിച്ഛേദിച്ചിട്ടുണ്ട്. പ്രധാന നഗരമായ യാങ്കൂണിലും മൊബൈല്‍ സേവനം തടസപ്പെട്ടതായാണ് വിവരം. മ്യാന്‍മാറില്‍ എന്ത് സംഭവിക്കുന്നു എന്നത് സംബന്ധിച്ച് പുറംലോകത്തിന് വ്യക്തമായ ധാരണയില്ലാത്ത അവസ്ഥയാണ്. 

നവംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ എന്‍.എല്‍.ഡി. വന്‍ ഭൂരിപക്ഷം നേടിയിരുന്നു. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് സൈന്യം പിന്തുണയ്ക്കുന്ന പ്രതിപക്ഷപാര്‍ട്ടി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നെന്നും തിരഞ്ഞെടുപ്പ് അംഗീകരിക്കില്ലെന്നുമുള്ള നിലപാടിലാണ് സൈന്യം. എന്നാല്‍, അട്ടിമറി സംബന്ധിച്ച് സ്ഥിരീകരണം മ്യാന്‍മാര്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്നിട്ടില്ല. 

ആങ് സാന്‍ സൂചിയെ അധികാരത്തില്‍നിന്ന് അകറ്റി നിര്‍ത്തി സൈന്യത്തിന് വ്യക്തമായ അധികാരം നല്‍കുന്ന തീതിയിലാണ് മ്യാന്‍മാറിന്റെ നിലവിലെ ഭരണഘടനയുള്ളത്. 25 ശതമാനം സീറ്റുകള്‍ സംവരണം ചെയ്തിട്ടുമുണ്ട്. എന്നാല്‍, അധികാരത്തില്‍ എത്തിയാല്‍ ഭരണഘടനാ ഭേദഗതി വരുത്തുമെന്നത് അടക്കമുള്ള നടപടികള്‍ പ്രസിഡന്റ് വിന്‍ മിന്റ് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

Content Highlights: Myanmar's Aung San Suu Kyi Detained In Early Morning Raid, Says Her Party