റങ്കൂണ്‍: മ്യാന്‍മറില്‍ പുതിയ തിരഞ്ഞെടുപ്പ് നടത്താന്‍ തയ്യാറാണെന്ന് മ്യാന്‍മര്‍ സൈനിക മേധാവി മിന്‍ ആങ് ലേയിങ്. ആസിയാന്‍ (അസോസിയേഷന്‍ ഓഫ് സൗത്ത് ഈസ്റ്റ് ഏഷ്യന്‍ നേഷന്‍സ്) തിരഞ്ഞെടുക്കുന്ന ഏത് സ്ഥാനപതിയുമായും സഹകരിക്കാന്‍ തയ്യാറാണെന്നും ലേയിങ് വ്യക്തമാക്കി. 

തിരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന സര്‍ക്കാരിനെ അട്ടിമറിച്ച് ഭരണം പിടിച്ചെടുത്ത് ആറുമാസത്തിനുശേഷം ടെലിവിഷനിലൂടെയായിരുന്നു ലേയിങ്ങിന്റെ പ്രതികരണം. 'ആസിയാന്‍ ചട്ടക്കൂടിനുള്ളില്‍ ആസിയാന്‍ സഹകരണത്തോടെ പ്രവര്‍ത്തിക്കാനും മ്യാന്‍മറിലെ ആസിയാന്റെ പ്രത്യേക സ്ഥാനപതിയുമായി ചര്‍ച്ച നടത്താനും മ്യാന്‍മര്‍ തയ്യാറാണ്.' ലേയിങ് പറഞ്ഞു. 

ആസിയാന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം തിങ്കളാഴ്ച നടക്കും. മ്യാന്‍മറിലെ അക്രമങ്ങള്‍ അവസാനിപ്പിക്കാനും സൈനിക അധികാരികളുമായും എതിര്‍പക്ഷവുമായും ചര്‍ച്ച നടത്തുന്നതിനായി സ്ഥാനപതിയെ യോഗത്തില്‍ നിശ്ചയിക്കാന്‍ സാധ്യതയുണ്ടെന്ന് നയതന്ത്രജ്ഞര്‍ വിലയിരുത്തുന്നു. മ്യാന്‍മറില്‍ ജനാധിപത്യം പുനഃസ്ഥാപിക്കുമെന്ന് സമയപരിധി വ്യക്തമാക്കാതെ ലേയിങ് ആവര്‍ത്തിച്ചു ഉറപ്പുനല്‍കി. 

ഫെബ്രുവരി ഒന്നിനാണ് മാന്‍മറില്‍ ഭരണകൂടത്തെ അട്ടിമറിച്ച് സൈന്യം അധികാരം പിടിച്ചെടുത്തത്. കഴിഞ്ഞ നവംബറില്‍ നടന്ന പൊതുതിരഞ്ഞെടുപ്പില്‍ ക്രമക്കേടുണ്ടെന്ന് ആരോപിച്ചായിരുന്നു അട്ടിമറി. എന്നാല്‍ ആരോപണം മ്യാന്‍മറിലെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നിഷേധിച്ചിരുന്നു. 

സൈനിക അട്ടിമറിക്കുശേഷം വലിയതോതിലുള്ള പ്രതിഷേധങ്ങള്‍ക്കാണ് മ്യാന്‍മര്‍ സാക്ഷ്യം വഹിച്ചത്. തങ്ങളുടെ എതിരാളികളെ ഭീകരവാദികളെന്നാണ് സൈനിക അധികാരികള്‍ മുദ്രകുത്തിയത്.

Content Highlights: myanmar army ruler pledges elections asean cooperation