തീപ്പിടിത്തമുണ്ടായ എംവി എക്സ്പ്രസ് പേൾ| Photo:Reuters
കൊളംബോ: കഴിഞ്ഞ ആഴ്ച കൊളംബോ തീരത്തിന് സമീപം തീപ്പിടിത്തമുണ്ടായ കപ്പലിൽ നിന്ന് വൻതോതിൽ നൈട്രജൻ ഡയോക്സൈഡ് പുറന്തളളപ്പെടുന്നതിനാൽ നേരിയ ആസിഡ് മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ശ്രീലങ്കയിലെ മുൻനിര പരിസ്ഥി സംഘടനയുടേതാണ് മുന്നറിയിപ്പ്. ജനങ്ങളോട് ജാഗ്രത പാലിക്കാനും സംഘടന നിർദേശിച്ചിട്ടുണ്ട്.
സിങ്കപ്പൂർ പതാകയുളള എംവി എക്സ് പ്രസ് പേൾ ചരക്കുമായി ഗുജറാത്തിൽ നിന്ന് കൊളംബോയിലേക്ക് വരികയായിരുന്നു. രാസവസ്തുക്കളും കോസ്മെറ്റിക് വസ്തുക്കളുടെ നിർമാണത്തിനുളള അസംസ്കൃത വസ്തുക്കളുമാണ് കപ്പലിൽ ഉണ്ടായിരുന്നത്. കൊളംബോ തീരത്ത് നിന്ന് 9.5 നോട്ടിക് മൈൽ അകലെ വെച്ചാണ് കപ്പലിൽ തീപ്പിടിത്തമുണ്ടായത്. മെയ് 20-നാണ് കപ്പൽ ഇവിടെ നങ്കൂരമിട്ടത്.
325 മെട്രിക് ടൺ ഇന്ധനമാണ് ടാങ്കുകളിൽ ഉളളത്. ഇതിനുപുറമേ 1486 കണ്ടെയ്നറുകളിലായി 25 ടൺ അപകടകരമായ നൈട്രിക് ആസിഡുമുണ്ട്.
'എംവി എക്സ്പ്രസ് പേളിൽ നിന്ന് പുറന്തള്ളുന്ന നൈട്രജൻ ഡയോക്സൈഡ് വളരെ വലിയ അളവിലുളളതാണെന്ന് ഞങ്ങൾ നിരീക്ഷിച്ചിരുന്നു. മഴക്കാലത്ത് നൈട്രജൻ ഡയോക്സൈഡ് വാതകം പുറന്തള്ളുന്നതിനാൽ നേരിയ ആസിഡ് മഴ പെയ്യാൻ സാധ്യതയുണ്ട്.' മറൈൻ എൻവയൻമെന്റ് പ്രൊട്ടക്ഷൻ അതോറിറ്റി (എംഇപിഎ)ചെയർപേഴ്സണ്‍ ധർശനി ലഹന്ദപുര പറഞ്ഞു.
തീരപ്രദേശങ്ങളിൽ താമസിക്കുന്നവരോട് ഈ ദിവസങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. ഈ ദിവസങ്ങളിൽ മഴകൊളളരുതെന്നും നിർദേശിച്ചിട്ടുണ്ട്.
കപ്പലിലെ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്നും ഇതുമൂലമുണ്ടാകുന്ന മലിനീകരണം ഒഴിവാക്കുന്നതിനായി കഴിയാവുന്നത്ര വേഗത്തിൽ ബീച്ച് ശുചീകരണം നടപ്പാക്കാൻ ആവശ്യമായ എല്ലാ നടപടിക്രമങ്ങളും അധികൃതർ സ്വീകരിച്ചിട്ടുളളതായും എംഇപിഎ പറഞ്ഞു.
രണ്ടു തഗ് ബോട്ടുകൾ കപ്പലിന് സമീപത്തായി തീകെടുത്താനുളള ശ്രമങ്ങൾ തുടരുകയാണ്. ഇന്ത്യൻ തീരസംരക്ഷണ സേനയുടെ കപ്പലുകളും ശ്രീലങ്കൻ തുറമുഖ അതോറിറ്റിയുടെ രണ്ടു തഗ് ബോട്ടുകളും ശ്രീലങ്കൻ നാവികസേനയും ചേർന്നാണ് സാഹചര്യം കൈകാര്യം ചെയ്യുന്നത്.
സാഹചര്യങ്ങൾ സസൂക്ഷ്മം വിലയിരുത്തുന്നുണ്ടെന്നും എണ്ണ ചോർച്ച ഉണ്ടായതിന്റെ ലക്ഷണങ്ങൾ ഒന്നും ഇല്ലെന്നും ലഹന്ദപുര അറിയിച്ചു.
അഗ്നിശമന ദൗത്യത്തിൽ ശ്രീലങ്കൻ നാവികസേനയെ സഹായിക്കുന്നതിനായി ഐസിജി വൈഭവ്, ഐസിജി ഡോർണിയർ, തഗ് വാട്ടർ ലില്ലി എന്നിവ ഇന്ത്യ ചൊവ്വാഴ്ച സംഭവസ്ഥലത്തേക്ക് അയച്ചിരുന്നു.
മലിനീകരണം നിയന്ത്രിക്കുന്നതിനായി ഇന്ത്യയുടെ പ്രത്യേക മലിനീകരണ പ്രതികരണ കപ്പൽ സമുദ്രപഹാരി ഇവിടെ ശനിയാഴ്ച എത്തും.
Content Highlights:MV X PRESS Pearl Cargo Ship, slight acid rains due to the emission of nitrogen dioxide
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..