കാബൂള്‍: താലിബാന്‍ നേതാവ് മുല്ലാ ബറാദര്‍ പങ്കെടുത്ത യോഗത്തില്‍ വാക്കേറ്റവും വെടിവെപ്പുമുണ്ടായതായി റിപ്പോര്‍ട്ടുകള്‍. കാബൂളിലെ പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന ചര്‍ച്ചയിലാണ് സംഭവം നടന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബറാദറിനെ ഹക്കാനി സംഘടനയില്‍പ്പെട്ടയൊരാള്‍ മര്‍ദ്ദിച്ചുവെന്നും സൂചനയുണ്ട്. ഈ മാസം ആദ്യമാണ് സംഭവം

സര്‍ക്കാര്‍ രൂപീകരണത്തില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരേയും ഉള്‍പ്പെടുത്തണമെന്ന വാദമാണ് ബറാദര്‍ മുന്നോട്ട് വെച്ചത്. താലിബാന്റെ പരമ്പരാഗത നയങ്ങളില്‍ നിന്നും അല്‍പ്പമെങ്കിലും മാറി ചിന്തിക്കുന്ന നേതാവാണ് ബറാദര്‍. സര്‍ക്കാരില്‍ എല്ലാ വിഭാഗത്തില്‍ നിന്നുള്ളവരേയും ഉള്‍പ്പെടുത്തണമെന്ന വാദമാണ് ബറാദര്‍ ഉന്നയിച്ചത്. ലോകത്തിന് മുഴുവന്‍ സ്വീകാര്യമാകുന്ന ഒരു സര്‍ക്കാരായിരിക്കണമെന്ന വാദം ഉയര്‍ത്തിയതിനിടെ ഖലീല്‍ ഉള്‍ റഹ്മാന്‍ ഹക്കാനി ബറാദറെ തള്ളിയിടുകയായിരുന്നുവെന്ന് സംഭവസ്ഥലത്തുണ്ടായിരുന്നവര്‍ പറഞ്ഞതായിട്ടാണ് റിപ്പോര്‍ട്ടുകള്‍.

ഈ സമയം രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ വെടിവെപ്പുണ്ടായി. നിരവധിപേര്‍ മരിക്കുകയും പരിക്കേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം കാബൂള്‍ വിട്ട ബറാദര്‍ കാണ്ഡഹാറിലേക്ക് പോയെന്നാണ് വിവരം. 2016ലാണ് ഹക്കാനി വിഭാഗവും താലിബാനും ലയിച്ചത്. സെപ്റ്റംബര്‍ ഏഴിന് മന്ത്രിമാരുടെ പട്ടിക പ്രഖ്യാപിച്ചപ്പോള്‍ താലിബാന് പുറത്ത് നിന്ന് ആര്‍ക്കും അവസരം നല്‍കിയിതുമില്ല. ഹക്കാനി വിഭാഗത്തിന് നാല് സ്ഥാനങ്ങളാണ് നല്‍കിയിരുന്നത്.

അതേസമയം ഇന്ന് താലിബാന്‍ പ്രഖ്യാപിച്ച സഹമന്ത്രിമാരുടെ പട്ടികയിലും സ്ത്രീകളെ ഉള്‍പ്പെടുത്തിയിട്ടില്ല. താലിബാന്‍ സര്‍ക്കാരിന്റെ വക്താവ് സബീയുള്ള മുജാഹിദാണ് പട്ടിക പുറത്ത് വിട്ടത്. സ്ത്രീകളോടും ന്യൂനപക്ഷങ്ങളോടുമുള്ള താലിബാന്‍ സര്‍ക്കാരിന്റെ ഇടപെടല്‍ പരിശോധിച്ച ശേഷമായിരിക്കും അവരെ വിലയിരുത്തുകയെന്നാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ നിലപാട്. സര്‍ക്കാരിന്റെ ഭാഗമായി സ്ത്രീകളെ ഉള്‍പ്പെടുത്താത്തില്‍ വലിയ വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.

Content Highlights: Mullah Abdul Ghani Baradar attacked by hakkani group in government forming discussions says reports