കാബൂള്‍: ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമമായതായി റിപ്പോര്‍ട്ടുകള്‍. താരതമ്യേന അധികം  അറിയപ്പെടാത്ത താലിബാന്‍ നേതാവ്, മുല്ല ഹസ്സന്‍ അഖുണ്ട് താലിബാന്‍ രൂപീകരിക്കുന്ന അഫ്ഗാന്‍ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായയേക്കുമെന്നാണ് സൂചന. യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട വ്യക്തിയാണ് മുല്ല ഹസ്സന്‍ അഖുണ്ട് എന്നുള്ളത് ശ്രദ്ധേയമാണ്. താലിബാനിലെ വിവിധ ഗ്രൂപ്പുകള്‍ തമ്മില്‍ നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ മറികടക്കുന്നതിനുവേണ്ടിയാണ് ഇത്തെമൊരു തീരുമാനമെടുക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായത്. തര്‍ക്കം പരിഹരിക്കാന്‍ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാന്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന. 

താലിബാനിലെ ഒന്നിലധികം വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം വൈകുന്നത്. മൂന്നാഴ്ച മുമ്പ് കാബൂളിന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തിരുന്നു. എന്നാല്‍ സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ സമവായത്തിലെത്താനായിരുന്നില്ല.

മുല്ല ബരാദറിന്റെ നേതൃത്വത്തിലുള്ള താലിബാന്റെ ദോഹ യൂണിറ്റ്, കിഴക്കന്‍ അഫ്ഗാനിസ്താനില്‍ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ-സ്വതന്ത്ര ഭീകര സംഘടനയായ ഹഖാനി ശൃംഖല, താലിബാനിലെ കാണ്ഡഹാര്‍ വിഭാഗം എന്നിവരാണ് പ്രധാനമന്ത്രി സ്ഥാനത്തിന് അവകാശവാദവുമായി മുന്നിലുള്ളത്. മുല്ല ബരാദറിനാണ് പ്രധാനമന്ത്രി സ്ഥാനത്തേക്ക് സാധ്യത കല്പിച്ചിരുന്നത്. അധികാരത്തിനായുള്ള ഗ്രൂപ്പുകള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം അനിശ്ചിതകാലത്തേക്ക് വൈകിപ്പിക്കുകയായിരുന്നു.  

പുതിയ ഫോര്‍മുല പ്രകാരം, മുല്ല ബരദറും മുല്ല ഒമറിന്റെ മകന്‍ മുല്ല യാക്കൂബും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്ന് കേള്‍ക്കുന്ന പേരായ മുല്ല അഖുണ്ടിന്റെ കീഴില്‍ ഡെപ്യൂട്ടികളായി പ്രവര്‍ത്തിക്കാന്‍ സാധ്യതയുണ്ട്. ആഗോള ഭീകര പട്ടികകളിയിലുള്ള ഹഖാനി ശൃംഖല യിലെ സിറാജ് ഹഖാനിയെ ആഭ്യന്തര മന്ത്രാലയത്തിന്റെ തലവനായി തിരഞ്ഞെടുക്കപ്പെട്ടേക്കാമെന്നും സൂചനകളുണ്ട്. ഹിബത്തുല്ല അഖുന്‍സാദയായിരിക്കും താലിബാന്‍ സര്‍ക്കാരിന്റെ പരമോന്നത നേതാവ്.

2001-ല്‍ അമേരിക്കയുമായുള്ള യുദ്ധം ആരംഭിക്കുന്നതിന് മുമ്പ് താലിബാന്റെ നേതൃത്വ കൗണ്‍സിലായ 'റഹ്ബാരി ശൂറ'യുടെ തലവനായിരുന്ന മുല്ല ഹസ്സന്‍ അഖുന്ദ് താലിബാന്‍ നിയന്ത്രണത്തിലുള്ള അഫ്ഗാനിസ്ഥാനില്‍ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

പാകിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്‌ഐയുടെ മേധാവി കാബൂളില്‍ ഉണ്ടായിരുന്ന സമയത്താണ് പഞ്ച്ശിര്‍ പിടിച്ചെടുക്കാന്‍ താലിബാന് പാക് സഹായം ലഭിച്ചതെന്നുള്ളതും ഇപ്പാള്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ സമവായത്തിലെത്തിയെന്ന റിപ്പോര്‍ട്ടുകള്‍ വരുന്നതും ശ്രദ്ധേയമാണ്.ഐഎസ്‌ഐ മേധാവി ഫായിസ് ഹമീദ് ഇപ്പോള്‍ തിരികെ ഇസ്ലാമാബാദില്‍ എത്തിയതായാണ് റിപ്പോര്‍ട്ട്.

Content Highlights: Mulla hassan akhund might become talibans afghan primeminister