സിസിലി/ഇറ്റലി: അഗ്നിപര്‍വത സ്‌ഫോടനത്തില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരും വിനോദയാത്രികരും ശാസ്ത്രജ്ഞരുമടങ്ങുന്ന സംഘം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. മൗണ്ട് എറ്റ്‌ന പൊട്ടിത്തെറിച്ചുണ്ടായ അപകടത്തില്‍ നിന്നാണ് ഇവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടത്.

അഗ്നിപര്‍വതത്തെക്കുറിച്ച് പഠിക്കാനായി പോയ ബിബിസി വാര്‍ത്താ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ലാവ ഒഴുകിയതിന് ശേഷമുണ്ടായ ചാരവും മറ്റും ചിത്രീകരിക്കുകയായിരുന്നു ബിബിസി സംഘം. ഇതിനിടെയാണ് അഗ്നിപര്‍വതം വീണ്ടും പൊട്ടിത്തെറിച്ചത്. ശക്തമായ സ്‌ഫോടനത്തില്‍ പാറക്കല്ലുകള്‍ വീണ് എട്ടുപേര്‍ക്ക് പരിക്കേറ്റു. ചിലര്‍ക്ക് തലയ്ക്കാണ് പരിക്കേറ്റതെന്നും മറ്റുചിലര്‍ക്ക് പൊള്ളലേറ്റെന്നും ബിബിസി സംഘത്തിലുണ്ടായിരുന്ന റബേക്കാ മോറെല്‍ ട്വീറ്റ് ചെയ്തു.

ഭയപ്പെടുത്തുന്ന അനുഭവമായിരുന്നു അത്. കഴിഞ്ഞ മുപ്പത് വര്‍ഷത്തെ അനുഭവത്തിനിടയില്‍ ഇത്രയും ഭീകരമായ ഒരു സ്‌ഫോടനത്തെ നേരിടേണ്ടി വന്നിട്ടില്ലെന്ന് അഗ്നിപര്‍വതങ്ങളെക്കുറിച്ച് പഠിക്കുന്ന ഒരു ശാസ്ത്രജ്ഞന്‍ തന്നോട് പറഞ്ഞെന്നും റബേക്ക കുറിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

കഴിഞ്ഞ രണ്ട് ദിവസങ്ങളായി എറ്റ്‌ന സജീവമായിരുന്നു. ഇതാണ് പൊട്ടിത്തെറിയില്‍ കലാശിച്ചത്. യൂറോപ്പിലെ ഏറ്റവും ഉയരം കൂടിയതും സജീവവുമായ അഗ്നിപര്‍വതമാണ് മൗണ്ട് എറ്റ്‌ന.