1980-കളില്‍ ഇസ്രായേല്‍ ചാരസംഘടനയായ മൊസാദ്, ആണവായുധ വികസന പദ്ധതിയില്‍ പാകിസ്താന് സഹായം നല്‍കിയ ജര്‍മ്മന്‍, സ്വിസ് കമ്പനികള്‍ക്ക് നേരെ ബോംബാക്രമണങ്ങള്‍ നടത്തിയെന്ന ആരോപണവുമായി സ്വിസ് മാധ്യമം. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായ പ്രവര്‍ത്തിക്കുന്ന ന്യൂ സൂര്‍ച്ചര്‍ സെയ്തുങ് എന്ന മാധ്യമമാണ് മൊസാദിന്റെ പങ്ക് ആരോപിച്ചുകൊണ്ടുള്ള ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്. ഇതിന് പിന്നാലെ ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ ഇത് ഏറ്റെടുത്തിരിക്കുകയാണ്.

1980-കളില്‍ ശത്രുപക്ഷത്തുള്ള രാജ്യമായ പാക്കിസ്താന്‍ ആണവായുധം വികസിപ്പിക്കുന്നത് ഇസ്രായേലിനെ അസ്വസ്ഥരാക്കിയിരുന്നു. അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് ജിമ്മി കാര്‍ട്ടര്‍ പാകിസ്താന്‍ ആണവ പദ്ധതിയുടെ മുന്നേറ്റത്തെ ചെറുക്കാന്‍ സ്വിസ്, ജര്‍മ്മന്‍ കമ്പനികളുമായി നയതന്ത്രപരമായ ചര്‍ച്ചകള്‍ നടത്തിയിരുന്നതായും ന്യൂ സൂര്‍ച്ചര്‍ സെയ്തുങ് റിപ്പോര്‍ട്ടില്‍ പറയുന്നു. 

ആണവ കരാര്‍ വികസിപ്പിക്കാന്‍ സഹായിക്കുന്ന കമ്പനികള്‍ക്ക് അക്കാലത്ത് വമ്പന്‍ തുകയാണ് പാകിസ്താന്‍ സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നത്. ഇതിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം യൂറോപ്യന്‍ കമ്പനികളുമായി ബന്ധമുള്ള മൂന്ന് സ്ഥലങ്ങളിലാണ് ബോംബ് സ്‌ഫോടനങ്ങള്‍ നടന്നത്. 1981-ല്‍ കോറെ എഞ്ചിനീയറിങ് സ്ഥാപനത്തിലെ ഒരു ജീവനക്കാരന്റെ വീട്, 1981-ല്‍ വാലിഷ്മില്ലര്‍ കമ്പനിയുടെ ഭാഗമായുള്ള ഒരു മില്‍, വ്യാവസായിക കമ്പനിയായ മെബസ് കലണ്ടറിന്റെ സാങ്കേതിക ഓഫീസ് എന്നിവിടങ്ങളിലാണ് സ്‌ഫോടനം നടന്നത്. 

ടെലിഫോണ്‍ വഴിയും വിവിധ കമ്പനികള്‍ക്ക് ഭീഷണി സന്ദേശങ്ങള്‍ അയച്ചിരുന്നു. ആക്രമണങ്ങള്‍ക്കും ഭീഷണികള്‍ക്കും പിന്നില്‍ ഒരു അന്താരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗമാണെന്ന് നിലവില്‍ സംശയമുണ്ടെന്നാണ് സ്വിസ് മാധ്യമത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാല്‍ മൊസാദാണ് ഇതിന് പിന്നിലെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയുന്ന ഒരു തെളിവും തങ്ങളുടെ കൈവശമില്ലെന്നും മാധ്യമം പറയുന്നു.

സ്വന്തം രാജ്യത്ത് ബോംബാക്രമണം നടന്നിട്ടും അത് നടത്തിയവരെ സ്വിറ്റ്‌സര്‍ലന്‍ഡിനും ജര്‍മനിക്കും തിരിച്ചറിയാനോ നടപടിയെടുക്കാനോ സാധിച്ചിട്ടില്ല. ലോകത്ത് അന്നുവരെ കേട്ടിട്ടില്ലാത്ത സംഘടനയുടെ പേരാണ് സ്‌ഫോടനത്തിന് ശേഷം ഉയര്‍ന്നു കേട്ടത്. ഇതും സ്‌ഫോടനങ്ങള്‍ക്ക് പിന്നിലുള്ളവരെ തിരിച്ചറിയുന്നതില്‍ അന്വേഷകരെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. 

Content Highlights: Mossad behind attacks on german swiss firms for helping pakistan in developing nuclear tech