പ്രതീകാത്മകചിത്രം | Photo : AFP
സന്തോഷം വിലയ്ക്ക് വാങ്ങാനാകുമോ? സാമ്പത്തിക ശാസ്ത്രജ്ഞരും സാമൂഹിക ശാസ്ത്രജ്ഞരും കാലങ്ങളായി ഉത്തരം തേടുന്ന ചോദ്യമാണിത്. ഒരുപക്ഷേ, ഇതിന് കൃത്യമായ ഒരുത്തരം സാധ്യമായെന്ന് വരില്ല. എങ്കിലും, കുറഞ്ഞ പക്ഷം അമേരിക്കക്കാരിലെങ്കിലും വരുമാനവും സമ്പത്തും ഏറുന്നതിനനുസരിച്ച് സന്തോഷവും വര്‍ധിക്കുന്നതായി പുതിയൊരു പഠനം വ്യക്തമാക്കുന്നു.
സാമ്പത്തിക നൊബേല്‍ ജേതാവും മനശാസ്ത്രജ്ഞനുമായ ദാനിയേല്‍ കാനമാന്‍ (Daniel Kahneman), സാമൂഹ്യശാസ്ത്രജ്ഞനും യൂണിവേഴ്‌സിറ്റി ഓഫ് പെനിസില്‍വാനിയയിലെ വാര്‍ട്ടണ്‍ സ്‌കൂള്‍ സീനിയര്‍ ഫെലോയുമായ മാത്യു കില്ലിങ്‌സ്‌വര്‍ത്ത് (Matthew Killingsworth) എന്നീ പ്രമുഖര്‍ ചേര്‍ന്ന് നടത്തിയ പുതിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്.
വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് സന്തോഷം കൂടുമെങ്കിലും, വാര്‍ഷികവരുമാന പരിധി 75,000 ഡോളര്‍ ആകുന്നതോടെ ആ പ്രവണത അവസാനിക്കുമെന്നും കാനമാന്‍ പ്രസിദ്ധീകരിച്ച 2010 ലെ ഒരു പഠനത്തില്‍ പറഞ്ഞിരുന്നു.
എന്നാല്‍, സന്തോഷം വര്‍ധിക്കുന്നതിന്റെ ഉയര്‍ന്ന പരിധി 75,000 ഡോളര്‍ അല്ലെന്നും, രണ്ടുലക്ഷം ഡോളര്‍ വാര്‍ഷിക വരുമാനം പിന്നിട്ടാലും സന്തോഷം വര്‍ധിക്കുമെന്നും, 2021 ലെ ഒരു പഠനത്തില്‍ കില്ലിങ്‌സ്‌വര്‍ത്ത് വ്യക്തമാക്കി.
ഈ രണ്ട് പരിധികളും എത്രത്തോളം ശരിയാണെന്ന് പരിശോധിക്കാനായി ഇരുഗവേഷകരും സഹകരിച്ചതിന്റെ ഫലമാണ്, 'പ്രൊസീഡിങ്‌സ് ഓഫ് നാഷണല്‍ അക്കാദമി ഓഫ് സന്‍സസി (PNAS) ല്‍ പ്രസിദ്ധീകരിച്ച പുതിയ പഠനം. പഠനത്തിന്റെ മേല്‍നോട്ടം വഹിച്ചത് ബാര്‍ബര മെല്ലെഴ്‌സ് ( Barbara Mellers) ആണ്.
യു.എസില്‍ 18 നും 65 വയസിനും മധ്യേയുള്ള 33,391 പേരെ ഉള്‍പ്പെടുത്തിയായിരുന്നു പുതിയ പഠനം. കില്ലിങ്‌സ്‌വര്‍ത്ത് വികസിപ്പിച്ച 'ട്രാക്ക് യുവര്‍ ഹാപ്പിനെസ്സ്' ('Track Your Happiness') എന്ന പേരിലുള്ള മൊബൈല്‍ ആപ്പ് വഴി, പഠനത്തിലുള്‍പ്പെട്ടവരില്‍ നിന്ന് വിവരങ്ങല്‍ ശേഖരിച്ചു.
വരുമാനം വര്‍ധിക്കുന്നതിനനുസരിച്ച് ആളുകളുടെ സന്തോഷം ഏറുമെന്നും, വാര്‍ഷികവരുമാനം 75000 ഡോളര്‍ എത്തുന്നതോടെ സന്തോഷവര്‍ധന പരിമിതപ്പെടുമെന്നുമുള്ള സങ്കല്‍പ്പം ശരിയല്ലെന്നാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. 'ലളിതമായി പറഞ്ഞാല്‍, ഭൂരിപക്ഷം പേരുടെ കാര്യത്തിലും വരുമാനം വര്‍ധിക്കുമ്പോള്‍ സന്തോഷവും വര്‍ധിക്കും'-കില്ലിങ്‌സ്‌വര്‍ത്ത് പറഞ്ഞു.
Content Highlights: Money Can Buy Happiness, Says A Study, Nobel Prize Winning Economist, Daniel Kahneman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..