റോളിങ് ഫോർക്കിൽ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ നാശനഷ്ടം | Photo:AP
റോളിങ് ഫോർക്ക്: യു.എസ്. സ്റ്റേറ്റായ മിസിസിപ്പിയിൽ കനത്തനാശം വിതച്ച് ചുഴലിക്കാറ്റ്. വെള്ളിയാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ കാറ്റിലും പേമാരിയിലും 26 പേർ മരിച്ചു. ഒട്ടേറെപ്പേർക്ക് പരിക്കേറ്റു. നാലുപേരെ കാണാതായി. കെട്ടിടങ്ങളും മരങ്ങളും നിലംപതിച്ചതോടെ പലയിടത്തും ഗതാഗതം താറുമാറായി. വൈദ്യുതബന്ധം വിച്ഛേദിക്കപ്പെട്ടതോടെ പല പ്രദേശങ്ങളും ഇരുട്ടിലാണ്. പല തെക്കൻ സംസ്ഥാനങ്ങളിലും അതിതീവ്രമഴയും രേഖപ്പെടുത്തിയിട്ടുണ്ട്.
രക്ഷാപ്രവർത്തനത്തിനായി കൂടുതൽ സേനയെ വിന്യസിച്ചെന്ന് മിസിസിപ്പി ദുരന്തനിവാരണ ഏജൻസി അറിയിച്ചു.ജനങ്ങളെ സംരക്ഷിക്കാനാവശ്യമായതെല്ലാം ചെയ്യുമെന്ന് യു.എസ് ബൈഡന്‍ വ്യക്തമാക്കി. ചുഴലിക്കാറ്റിലുണ്ടായ നഷ്ടങ്ങള്‍ വീണ്ടെടുക്കാന്‍ നമ്മള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ കൂടുതൽപ്പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് രക്ഷാപ്രവർത്തകർ പറയുന്നത്. മിസിസിപ്പിയിലെ ജാക്സണിൽനിന്ന് 96 കിലോമീറ്റർ അകലെ, വടക്കുകിഴക്കൻ മേഖലയിലാണ് ചുഴലിക്കാറ്റ് കൂടുതൽ നാശം വിതച്ചത്. മിസിസിപ്പിയുടെ ഉൾനാടൻ പട്ടണങ്ങളായ സിൽവർസിറ്റിയിലും റോളിങ് ഫോർക്കിലും 113 കിലോമീറ്റർ വേഗത്തിലാണ് ചുഴലി ആഞ്ഞടിച്ചത്.
രാത്രി വൈകിയും ശക്തികുറയാത്ത കാറ്റ്, പിന്നീട് വിനോന, അമോറി എന്നീ പട്ടണങ്ങളിൽ കനത്ത നാശം വിതച്ചുകൊണ്ട് അലബാമ സംസ്ഥാനത്തിലേക്കു പ്രവേശിച്ചു. പലയിടങ്ങളിലും താത്കാലിക പാർപ്പിടകേന്ദ്രങ്ങളുൾപ്പെടെ കാറ്റിൽ പറന്നുപോയി. കഴിഞ്ഞദിവസം ചുഴലിക്കാറ്റ് മുന്നറിയിപ്പ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം നൽകിയിരുന്നെങ്കിലും മേഖലയിൽ ഒന്നിലധികം ചുഴലിക്കാറ്റ് വീശിയിട്ടുണ്ടെന്ന് സംശയിക്കുന്നു. ദുരന്തസാഹചര്യം കണക്കിലെടുത്ത് മിസിസിപ്പി ഭരണകൂടം അതിജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. പലയിടത്തും 30,000 അടി ഉയരത്തിൽവരെ ചുഴലിക്കാറ്റ് അവശിഷ്ടങ്ങളെ ഉയർത്തിയെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
Content Highlights: Mississippi tornado kills 26
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..