ജെറുസലേം: പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ചുള്ള ഫോണ്‍ ചോര്‍ത്തല്‍/ നിരീക്ഷണ വിഷയം കൊടുമ്പിരി കൊണ്ടിരിക്കേ, ന്യായീകരണവുമായി പെഗാസസ് നിര്‍മാതാക്കളായ ഇസ്രയേലി കമ്പനി എന്‍.എസ്.ഒ. രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കും, നിയമം നടപ്പാക്കുന്നതിനായി നിലകൊളളുന്ന ഏജന്‍സികള്‍ക്കും ഇത്തരം സാങ്കേതിക വിദ്യ ലഭ്യമായതുകൊണ്ട് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിനാളുകള്‍ക്ക് രാത്രി സമാധാനത്തോടെ ഉറങ്ങാനും തെരുവുകളിലൂടെ സുരക്ഷിതരായി നടക്കാനും സാധിക്കുന്നുണ്ടെന്ന് എന്‍.എസ്.ഒ. വക്താവ് പറഞ്ഞു. 

സോഫ്റ്റ്‌വെയര്‍ തങ്ങളല്ല പ്രവര്‍ത്തിപ്പിക്കുന്നതെന്നും എന്‍.എസ്.ഒ. വ്യക്തമാക്കി. കമ്പനിയില്‍നിന്ന് സോഫ്റ്റ് വെയര്‍ വാങ്ങുന്നവര്‍ ശേഖരിക്കുന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമല്ല. സുരക്ഷിതമായ ഒരു ലോകത്തെ സൃഷ്ടിക്കാന്‍  സഹായിക്കുക മാത്രമാണ് ചെയ്യുന്നതെന്നും എന്‍.എസ്.ഒ. കൂട്ടിച്ചേര്‍ത്തു. 

പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് രാഷ്ട്രീയക്കാര്‍, ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, ജഡ്ജിമാര്‍ തുടങ്ങിയവരുടെ ഫോണ്‍ ചോര്‍ത്തുകയോ നിരീക്ഷിക്കുകയോ ചെയ്തിട്ടുണ്ടെന്ന റിപ്പോര്‍ട്ട് ഒരു ആഗോള മാധ്യമ കൂട്ടായ്മയാണ് പുറത്തുവിട്ടത്. 

എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ ആപ്പുകളുടെ കുടക്കീഴില്‍ ഒളിച്ചിരിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരവാദം, പീഡോഫീലിയ ശൃംഖല തുടങ്ങിയവയെ തടയാനും അന്വേഷണം നടത്താനും ലോകമെമ്പാടുമുള്ള രഹസ്യാന്വേഷണ ഏജന്‍സികളെയും നിയമപാലന ഏജന്‍സികളെയും പെഗാസസും സമാന സാങ്കേതിക വിദ്യകളും സഹായിക്കുന്നുണ്ട്.- എന്‍.എസ്.ഒ. പറയുന്നു. 

content highlights: millions sleep well at night because of such technologies- pegasus maker