പ്രതീകാത്മകചിത്രം | Photo : AFP
വാഷിങ്ടണ്‍: വിദേശരാജ്യങ്ങളില്‍, പ്രത്യേകിച്ച് ക്യൂബ, ചൈന എന്നീ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന അമേരിക്കന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരെ ഗുരുതരമായി ബാധിക്കുന്ന അജ്ഞാതരോഗത്തിന് പിന്നില്‍ സൂക്ഷ്മതരംഗങ്ങളുടെ 'പ്രയോഗ'മാണെന്ന് റിപ്പോര്‍ട്ട്. വര്‍ഷങ്ങളായി രാജ്യത്തിന്റെ ആഭ്യന്തര, വിദേശകാര്യവകുപ്പുകളേയും കുഴയ്ക്കുന്ന വിഷയത്തെ കുറിച്ചുള്ള പഠനറിപ്പോര്‍ട്ട് നാഷണല്‍ അക്കാഡമിക്സ് ഓഫ് സയന്‍സസ്, എന്‍ജിനീയറിങ് ആന്‍ഡ് മെഡിസിന് ശനിയാഴ്ച സമര്‍പ്പിച്ചു.
2016 ല്‍ ഹവാന സിന്‍ഡ്രോം എന്ന പേരിലറിയപ്പെടുന്ന രോഗത്തിന്റെ പ്രധാനകാരണം കൃത്യമായ ആവൃത്തിയില്‍ പുറപ്പെടുവിക്കുന്ന വൈദ്യുത കാന്ത തരംഗങ്ങളാണെന്നാണ് കണ്ടെത്തല്‍. ഇതോടൊപ്പം മറ്റു ചില കാരണങ്ങളും ഉണ്ടായേക്കാമെങ്കിലും പ്രാഥമികകാരണം സൂക്ഷ്മതരംഗങ്ങളാണെന്ന് 19 വിദഗ്ധരടങ്ങിയ ഗവേഷണസംഘത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. സമര്‍ഥരായ ഉദ്യോഗസ്ഥരില്‍ പലരും അജ്ഞാതരോഗത്തിനിരയാവുന്നത് രാജ്യത്തിന്റെ നയതന്ത്രപദ്ധതികളെ തെല്ലൊന്നുമല്ല ബാധിച്ചത്.
2016 ലാണ് ക്യൂബന്‍ തലസ്ഥാനമായ ഹവാനയിലെ യുഎസ് എംബസി ഉദ്യോഗസ്ഥര്‍ക്ക് രോഗം ആദ്യമായി തിരിച്ചറിഞ്ഞത്. പിന്നീട് ചൈനയിലേയും മറ്റു രാജ്യങ്ങളിലേയും രഹസ്യാന്വേഷണ ഉദ്യോഗസ്ഥരിലും രോഗലക്ഷണങ്ങള്‍ കണ്ടു തുടങ്ങി. തലകറക്കം, തലവേദന, കേള്‍വിക്കുറവ്, ഓര്‍മശക്തിയിലെ പിഴവ് തുടങ്ങി മാനസികനില തകരാറിലാക്കുന്ന നിരവധി കാരണങ്ങളാല്‍ പല ഉദ്യോഗസ്ഥരും ജോലിയില്‍ നിന്ന് സ്വമേധയാ വിരമിച്ചു.
റഷ്യക്കെതിരെയുള്ള നീക്കങ്ങള്‍ക്കായി വിദേശരാജ്യങ്ങള്‍ സന്ദര്‍ശിക്കുന്ന നയതന്ത്രഉദ്യോഗസ്ഥരില്‍ പലര്‍ക്കും രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയതോടെ റഷ്യന്‍ ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്ന് സംശയം ശക്തമായി. അമേരിക്കയും ക്യൂബയും തമ്മിലുള്ള നയതന്ത്രബന്ധത്തിലെ പാളിച്ചകളും അന്വേഷണത്തിനിടയ്ക്ക് ഉയര്‍ന്നതോടെ ക്യൂബയും ചൈനയും അമേരിക്കയുടെ സംശയവലയത്തിനുള്ളിലായി.
വ്യക്തമായി തയ്യാറാക്കിയ പദ്ധതി പ്രകാരമാണ് യുഎസ് ഉദ്യോഗസ്ഥര്‍ക്ക്് നേര്‍ക്കുള്ള ഈ 'രഹസ്യാക്രമണ'മെന്ന് റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ഹവാന രോഗത്തിന് പിന്നില്‍ വൈദ്യുതകാന്തസൂക്ഷ്മതരംഗങ്ങളുടെ തുടര്‍ച്ചയല്ലാത്ത പ്രയോഗമാണെന്നാണ് കണ്ടെത്തല്‍. റഷ്യയാണ് പിന്നിലെന്ന് വ്യക്തമായി പറയുന്നില്ലെങ്കിലും സൂക്ഷ്മതരംഗങ്ങളെ കുറിച്ചുള്ള ഗവേഷണങ്ങള്‍ റഷ്യ നടത്തിയതായി റിപ്പോര്‍ട്ടില്‍ സൂചിപ്പിച്ചിരിക്കുന്നു.
ഭാവിയിലും ഇത്തരം ആക്രമണങ്ങള്‍ പ്രതീക്ഷിക്കാമെന്നും അവയെ അതിജീവിക്കാനായി ഒരുങ്ങണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ക്യൂബയിലും ചൈനയിലുമുള്ള ഉദ്യോഗസ്ഥരില്‍ മാത്രമായി ഹവാന സിന്‍ഡ്രോം ഒതുങ്ങി നില്ക്കുന്നില്ല എന്നുള്ള റിപ്പോര്‍ട്ടിലെ സൂചന തങ്ങള്ക്കെതിരെയെയുള്ള ഗൂഢാലോചനയുടെ വ്യാപ്തിയെ കുറിച്ച് അമേരിക്കയ്ക്ക് മുന്നറിയിപ്പ് നല്കുന്നു. ഭാവിയില്‍ ഇത്തരം ആക്രണങ്ങള്‍ മുന്‍കൂട്ടികാണാനും പ്രതിരോധിക്കാനും ആഭ്യന്തരവകുപ്പ് പദ്ധതികള്‍ തയ്യാറാക്കണമെന്ന് റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.
Content Highlights: Microwave ‘Attack’ as Likely Source of Mystery Illnesses That Hit Diplomats Havana Syndrome
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..