ന്യൂഡല്‍ഹി: സിക്ക വൈറസിന്റെ വ്യാപനമുള്‍പ്പെടെ കൊതുകുകള്‍ പരത്തുന്ന രോഗങ്ങള്‍ക്കെതിരെ ഹൈടെക് മാര്‍ഗങ്ങളുമായി മൈക്രോസോഫ്റ്റും ഗൂഗിളുമടക്കമുള്ള സിലിക്കണ്‍ വാലി ടെക് ഭീമന്മാര്‍. ജനിതകമാറ്റങ്ങള്‍ വരുത്തിയും സ്മാര്‍ട് ട്രാപ്പിലൂടേയും മറ്റും ലോകത്താകമാനം ഹൈടെക് കെണികള്‍ വ്യാപകമാക്കുകയാണ് ഇവരുടെ ലക്ഷ്യം

മൈക്രോസോഫ്റ്റ് കോര്‍പറേഷനും, കാലിഫോര്‍ണിയയിലെ ലൈഫ് സയന്‍സ് കമ്പനിയും, പൊതുആരോഗ്യ വിഭാഗവുമായി ചേര്‍ന്ന് കൊതുകിനെ തുരത്താനുള്ള സാങ്കേതിക വിദ്യകള്‍ പരീക്ഷിക്കാന്‍ തയാറെടുക്കുകയാണ്. സിക്ക പടര്‍ത്തുന്ന ഈഡിസ് ഈജിപ്തി കൊതുകുകളെ തുരത്തുന്നതിനായി ടെക്സസില്‍ മൈക്രോസോഫ്റ്റ് സ്മാര്‍ട്ട് ട്രാപ്പ് പരീക്ഷിച്ചിരുന്നു. 

ഗൂഗിളിന്റെ മാതൃ സ്ഥാപനമായ ആല്‍ഫബെറ്റിന്റെ ലൈഫ് സയന്‍സ് വിഭാഗം  പ്രജനനം തടയുന്നതിലൂടെ കൊതുക് പെരുകുന്നത് തടയാനുള്ള പദ്ധതി തയ്യാറാക്കുന്നുണ്ട്. എന്നാല്‍, ഇത് വ്യാപകമായി പ്രാബല്യത്തില്‍ വരുത്താന്‍ കാലതാമസം വരുമെന്നാണ് കരുതുന്നത്. 

ടെക് കമ്പനികള്‍ ശാസ്ത്രീയ കൊതുകു നിവാരണവുമായി മുന്നോട്ട് വരുന്നത് അഭിമാനകരമാണെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ എന്റമോളജി വിഭാഗം പ്രഫസര്‍  അനന്ദശങ്കര്‍ റായി അഭിപ്രായപ്പെട്ടു. 

ബ്രസീലില്‍ നിന്ന് 2015ലാണ് ആദ്യമായി സിക്ക വൈറസിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. സിക്ക വൈറസ് ബാധിച്ച ആയിരക്കണക്കിനു കുട്ടികളാണ് ജനിതക വൈകല്യവുമായി ജനിച്ചത്. നിരവധി പഠനങ്ങള്‍ക്കു ശേഷമാണ് കൊതുക് പരത്തുന്ന വൈറസിലൂടെയാണ് ഈ രോഗം പടര്‍ന്നതെന്ന് തിരിച്ചറിഞ്ഞത്. 

തുടര്‍ന്ന് അമേരിക്കയിലും ഈഡിസ് ഈജിപ്തിലും ഈഡിസ് ആല്‍ബോപിക്റ്റസ് തുടങ്ങിയ വൈറസുകള്‍ വ്യാപകമായി രോഗം പടര്‍ത്തിയിരുന്നു. അമേരിക്കയിലെ യാത്രക്കാര്‍ക്കിടയിലാണ് ഏറ്റവുമധികം സിക്ക വൈറസ് രോഗം വിതച്ചത്.