വാഷിങ്ടണ്‍: ലോകത്തെ ശതകോടീശ്വരനും മൈക്രോസോഫ്റ്റ് സ്ഥാപകനുമായ ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് രാജിവെച്ചത് ലൈംഗിക ആരോപണ അന്വേഷണത്തിനിടെയെന്ന് റിപ്പോര്‍ട്ട്. വാള്‍സ്ട്രീറ്റ് ജേണലാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്.
2020 മാര്‍ച്ച് 20-നാണ് ബില്‍ ഗേറ്റ്സ് മൈക്രോസോഫ്റ്റ് കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍നിന്ന് രാജിവെച്ചത്. സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നിര്‍ണായക സ്ഥാനത്തുനിന്നുള്ള പടിയിറക്കമെന്നായിരുന്നു വിശദീകരണം. എന്നാല്‍, മൈക്രോസോഫ്റ്റ് കമ്പനിയിലെ ജീവനക്കാരിയുമായി ബില്‍ ഗേറ്റ്സിനുണ്ടായിരുന്ന അടുപ്പം സംബന്ധിച്ച ആരോപണത്തില്‍ കമ്പനി നടത്തുന്ന അന്വേഷണം പൂര്‍ത്തിയാവുന്നതിനു മുന്‍പാണ് അദ്ദേഹം പിന്മാറിയതെന്നാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്.
മൈക്രോസോഫ്റ്റില്‍ എഞ്ചിനീയറായ ജീവനക്കാരിയുമായുള്ള ബന്ധം നിലനില്‍ക്കെ കമ്പനി ബോര്‍ഡ് അംഗമായി ബില്‍ ഗേറ്റ്സ് തുടരുന്നത് ശരിയല്ലെന്ന് ബോര്‍ഡ് വിലയിരുത്തിയിരുന്നതായി കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി.
മൈക്രോസോഫ്റ്റ് ജീവനക്കാരി തന്നെയാണ് തനിക്ക് നേരത്തെ ബില്‍ ഗേറ്റ്സുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായി കത്ത് മുഖേന കമ്പനി ബോര്‍ഡിനെ അറിയിച്ചത്. തുടര്‍ന്ന് 2019-ലാണ് ബില്‍ ഗേറ്റ്സിനെതിരെ കമ്പനി അന്വേഷണം ആരംഭിച്ചത്.
അന്വേഷണം നടക്കുന്നതിനാല്‍ ഡയറക്ടര്‍ സ്ഥാനത്ത് ബില്‍ ഗേറ്റ്സ് തുടരുന്നത് ധാര്‍മികമല്ലെന്ന് ചില ബോര്‍ഡ് അംഗങ്ങള്‍ അംഗങ്ങള്‍ അഭിപ്രായപ്പെട്ടു. അന്വേഷണം പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബില്‍ ഗേറ്റ്സ് ബോര്‍ഡില്‍നിന്ന് രാജിവെക്കുകയായിരുന്നു.
2000 മുതല്‍ ഏറെക്കാലം ബില്‍ ഗേറ്റ്സും താനുമായി അടുത്ത ബന്ധം പുലര്‍ത്തിയിട്ടുണ്ടെന്നായിരുന്നു ജീവനക്കാരി കത്തിലൂടെ കമ്പനിയെ അറിയിച്ചത്. കത്ത് പരാതിയായി പരിഗണിച്ച് സംഭവം അന്വേഷിക്കാന്‍ കമ്പനിക്ക് പുറത്തുള്ള നിയമസ്ഥാപനത്തെ ചുമതലപ്പെടുത്തി. അന്വേഷണ കാലയളവില്‍ മുഴുവന്‍ ജീവനക്കാരിക്ക് മികച്ച പിന്തുണയാണ് കമ്പനി നല്‍കിയതെന്നും കമ്പനിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
അതേസമയം, ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ബില്‍ ഗേറ്റ്സ് രാജിവെച്ചതിനും ഈ അന്വേഷണത്തിനും തമ്മില്‍ ബന്ധമില്ലെന്ന് കമ്പനിയുമായി ബന്ധപ്പെട്ട മറ്റൊരാള്‍ പറഞ്ഞു. ഏതാണ്ട് ഇരുപത് വര്‍ഷം മുന്‍പ് ഉണ്ടായ ബന്ധമാണ് അവരുടേത്. വളരെ സൗഹാദര്‍ദപരമായാണ് അത് അവസാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബില്‍ ഗേറ്റ്സും ഭാര്യ മെലിന്‍ഡ ഗേറ്റ്സും വേര്‍പിരിഞ്ഞ വാര്‍ത്തകളും അടുത്തിടെ പുറത്തുവന്നിരുന്നു. 27 വര്‍ഷത്തെ ദാമ്പത്യത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയാന്‍ തീരുമാനിച്ചത്.
മെയ് മൂന്നിനാണ് ബില്‍ ഗേറ്റ്സുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനായി മെലിന്‍ഡ അപേക്ഷ നല്‍കിയത്. 'തിരിച്ചെടുക്കാനാവാത്ത വിധം തകര്‍ന്നുപോയി' എന്നാണ് വിവാഹമോചന അപേക്ഷയില്‍ മെലിന്‍ഡ പറഞ്ഞിരുന്നത്. പെണ്‍കുട്ടികളെ പീഡിപ്പിക്കുകയും ഉന്നതര്‍ക്ക് കാഴ്ചവയ്ക്കുകയും ചെയ്ത് കുപ്രസിദ്ധനായ ജെഫ്രി എപ്സ്റ്റെയിനുമായുള്ള ബില്‍ ഗേറ്റ്സിന്റെ ബന്ധമടക്കം വിവാഹമോചനത്തിന് കാരണമായെന്ന നിലയില്‍ നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു
Content Highlights: Microsoft investigated Bill Gates’ ‘intimate relationship’ with employee before he quit: Report
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..