വാഷിങ്ടണ്‍: പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതികരണവുമായി മൈക്രോസോഫ്റ്റ് സി.ഇ.ഒ. സത്യ നാദെല്ല. സംഭവിച്ചു കൊണ്ടിരിക്കുന്നത് ദുഃഖകരമാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇത് ദൗര്‍ഭാഗ്യകരമാണ്- നാദെല്ല പറഞ്ഞു.
അമേരിക്കയിലെ മാന്‍ഹാട്ടനില്‍ നടന്ന മൈക്രോ സോഫ്റ്റിന്റെ ഒരു പരിപാടിക്കിടെ, ബസ് ഫീഡ് എഡിറ്റര്‍ ഇന്‍ ചീഫ് ബെന്‍ സ്മിത്തിനോടായിരുന്നു നാദെല്ലയുടെ പ്രതികരണം. നാദെല്ലയുടെ വാക്കുകള്‍ ട്വിറ്ററിലൂടെ ബെന്‍ സ്മിത്ത് പങ്കുവെച്ചിട്ടുമുണ്ട്.
Asked Microsoft CEO @satyanadella about India's new Citizenship Act. "I think what is happening is sad... It's just bad.... I would love to see a Bangladeshi immigrant who comes to India and creates the next unicorn in India or becomes the next CEO of Infosys" cc @PranavDixit
— Ben Smith (@BuzzFeedBen) January 13, 2020
ബംഗ്ലാദേശില്‍നിന്ന് ഇന്ത്യയിലെത്തുന്ന കുടിയേറ്റക്കാരന്‍ അടുത്ത യൂണികോണ്‍ സൃഷ്ടിക്കുന്നതോ അല്ലെങ്കില്‍ ഇന്‍ഫോസിസിന്റെ അടുത്ത സി.ഇ.ഒ. ആകുന്നതോ കാണാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും നാദെല്ല കൂട്ടിച്ചേര്‍ത്തു.
പിന്നാലെ മൈക്രോസോഫ്റ്റ് ഇന്ത്യയുടെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെ സത്യ നാദെല്ല പ്രസ്താവന ഇറക്കുകയും ചെയ്തു. എല്ലാ രാജ്യങ്ങളും തങ്ങളുടെ അതിര്‍ത്തി നിര്‍വചിക്കുകയും ദേശീയ സുരക്ഷ ഉറപ്പാക്കുകയും യോജിക്കുന്ന കുടിയേറ്റ നയം നടപ്പാക്കുകയും വേണം. ജനാധിപത്യ രാഷ്ട്രങ്ങളില്‍ ഈ വിഷയങ്ങള്‍ അതത് സര്‍ക്കാരുകളും ജനങ്ങളും ചേര്‍ന്ന് ചര്‍ച്ച ചെയ്ത് തീരുമാനിക്കുന്നതാണ്. ഞാന്‍ രൂപപ്പെട്ടിരിക്കുന്നത് എന്റെ ഇന്ത്യന്‍ പാരമ്പര്യത്തിലൂടെയും സാംസ്‌കാരിക വൈവിധ്യമുള്ള ഇന്ത്യയില്‍ വളര്‍ന്നതിലൂടെയും യു.എസിലെ എന്റെ കുടിയേറ്റ അനുഭവങ്ങളിലൂടെയുമാണ്.
ഒരു കുടിയേറ്റക്കാരന് സ്റ്റാര്‍ട്ട് അപ്പ് തുടങ്ങാന്‍ സാധിക്കുന്ന അല്ലെങ്കില്‍ ഇന്ത്യന്‍ സമൂഹത്തെയും സമ്പദ്‌വ്യവസ്ഥയെയും വലിയ രീതിയില്‍ സഹായിക്കാനാകുന്ന ഒരു മള്‍ട്ടി നാഷണല്‍ കമ്പനിയെ നയിക്കാന്‍ സാധിക്കുന്ന ഇന്ത്യക്കു വേണ്ടിയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നാദെല്ല പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
content highlights: microsoft ceo satya nadella on citizenship ammendment act