ന്യൂയോർക്ക്: 1969 ജൂലായ് 16-ന് യു.എസിലെ കെന്നഡി സ്‌പേസ് സെന്ററിന്റെ വിക്ഷേപണത്തറയില്‍ നിന്ന് മൂന്നു ചാന്ദ്രസഞ്ചാരികള്‍ യാത്രതുടങ്ങി. നാസയുടെ അപ്പോളോ-11 ദൗത്യവുമായി. വിജയകരമായ ആ ദൗത്യത്തില്‍ രണ്ടുപേര്‍ ജൂലായ് 20-ന് ചന്ദ്രോപരിതലത്തിലിറങ്ങി. നീല്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആള്‍ഡ്രിനും. മനുഷ്യകുലത്തിന്റെ മറ്റൊരു നേട്ടത്തിന്റെ പതാക അവിടെ നാട്ടി. ഈ സമയം കൂട്ടത്തില്‍ ഇളയവനും കമാന്‍ഡ് മൊഡ്യൂള്‍ പൈലറ്റുമായിരുന്ന മൈക്കല്‍ കൊളിന്‍സ് ഇവര്‍ സഞ്ചരിച്ച വാഹനവുമായി മൈലുകള്‍ക്കപ്പുറം ചന്ദ്രനെ ചുറ്റുകയായിരുന്നു.

Read More : ആദ്യ ചാന്ദ്രയാത്രികന്‍ മൈക്കല്‍ കൊളിന്‍സ് അന്തരിച്ചു..

ഏകാന്തമായി കൊളിന്‍സ് ചന്ദ്രനുചുറ്റും പറന്നുനടന്നു. പ്രപഞ്ചത്തിലെ ഏകാന്ത യാത്രികനെന്ന വിളിപ്പേരും നേടി. ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോള്‍ ദൗത്യത്തിലെ സുപ്രധാനമായ ചുമതല വഹിച്ച കൊളിന്‍സ് പക്ഷേ, അത്രത്തോളം ശ്രദ്ധിക്കപ്പെട്ടില്ല. എങ്കിലും ഒരിക്കല്‍പ്പോലും പരാതിയില്ലായിരുന്നു അദ്ദേഹത്തിന്. കമാന്‍ഡിങ് പൈലറ്റ് ആയിരിക്കാന്‍ തന്നെയായിരുന്നു തന്റെ ആഗ്രഹമെന്നും ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും നല്ല പങ്കാളികളായിരുന്നുവെന്നും കൊളിന്‍സ് പറഞ്ഞു.

ചരിത്രത്തില്‍ തനിക്കു നിര്‍വഹിക്കാനായ ദൗത്യത്തിലുള്ള സംതൃപ്തിയായിരുന്നു അദ്ദേഹത്തിന്. നിര്‍ദേശങ്ങളെല്ലാം അതുപോലെത്തന്നെ നടത്താനായി എന്നതാണ് അപ്പോളോ-11 ദൗത്യത്തില്‍ തന്നെ വിസ്മയിപ്പിച്ചതെന്ന് ദൗത്യത്തിന്റെ 50-ാം വാര്‍ഷികത്തില്‍ നല്‍കിയ അഭിമുഖത്തില്‍ കൊളിന്‍സ് പറയുകയുണ്ടായി. ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ചന്ദ്രനില്‍ നടക്കുന്നതിന്റെ ശബ്ദം അറിയാന്‍ സാധിച്ചിരുന്നെങ്കിലും ലാന്‍ഡിങ് മേഖല കണ്ടെത്താനുള്ള സിഗ്‌നലുകള്‍ ലഭിക്കാതെ ഏറെനേരം അലയേണ്ടിവന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞിരുന്നു. സഹസഞ്ചാരിയായ ആംസ്‌ട്രോങ് 2012-ല്‍ മരിച്ചു. 91-കാരനായ ആല്‍ഡ്രിന്‍ മാത്രമാണ് ദൗത്യസംഘത്തില്‍ ഇപ്പോള്‍ അവശേഷിക്കുന്നത്.

content highlights: Michael Collins life story