വാഷിങ്ടണ്‍: അനധികൃത കുടിയേറ്റം തടയുന്നതിനായി മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയാനുള്ള അമേരിക്കന്‍ പ്രസിഡന്റിന്റെ തീരുമാനം ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തെ ബാധിക്കുന്നു. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച മെക്‌സിക്കന്‍ പ്രസിഡന്റ് എന്റികെ പെന നീറ്റോ റദ്ദാക്കി.

മതില്‍ നിര്‍മ്മാണത്തിന് മെക്‌സിക്കോയും ഫണ്ട് നല്‍കണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മതില്‍ നിര്‍മ്മാണത്തിന് പണം നല്‍കാന്‍ തയാറല്ലെങ്കില്‍ ചൊവ്വാഴ്ചത്തെ കൂടിക്കാഴ്ച റദ്ദാക്കുന്നതാണ് നല്ലതെന്ന്‌ ട്രംപ് ട്വിറ്ററില്‍ പ്രതികരിച്ചതിന് പിന്നാലെയാണ് അതേ മാതൃകയില്‍ അമേരിക്കയിലേക്ക് കൂടിക്കാഴ്ചയ്ക്ക് പോകുന്നില്ലെന്ന് പെന നീറ്റോയും ട്വിറ്ററിലൂടെ തന്നെ അറിയിച്ചത്.

അതിര്‍ത്തിയില്‍ മതില്‍ നിര്‍മ്മിക്കാനുള്ള ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഈ തീരുമാനവും വന്നിരിക്കുന്നത്.

ഇരുരാജ്യങ്ങളുടേയും താത്പര്യങ്ങള്‍ക്കായി അമേരിക്കയുമായി യോജിച്ച് പ്രവര്‍ത്തിക്കാന്‍ തയാറാണെന്നും അതിനായി കരാറില്‍ ഏര്‍പ്പെടാന്‍ സന്നദ്ധമാണെന്നും ട്വിറ്ററില്‍ പെന നീറ്റോ അറിയിച്ചു. മതില്‍ നിര്‍മ്മിക്കാന്‍ മെക്‌സിക്കോ പണം മുടക്കുന്ന പ്രശ്‌നമില്ലെന്നും പെന നീറ്റോ വ്യക്തമാക്കി. 

അനധികൃത കുടിയേറ്റം തടയുന്നതിനായി 3200 കിലോമീറ്റര്‍ നീളത്തില്‍ മതില്‍ പണിയാനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. 

നിലവില്‍ അമേരിക്ക-മെക്സിക്കോ അതിര്‍ത്തിയിലെ സുരക്ഷാവേലിയില്‍ അറ്റകുറ്റപ്പണികള്‍ നടത്തണമെന്നും കസ്റ്റംസ് ആന്‍ഡ് ബോര്‍ഡര്‍ പ്രൊട്ടക്ഷനില്‍ 5000 സൈനികരെക്കൂടി നിയമിക്കണമെന്നും സെന്‍ട്രല്‍ അമേരിക്കയിലെ കലാപപ്രദേശങ്ങളില്‍നിന്ന് പലായനംചെയ്യുന്ന കുടിയേറ്റക്കാരുടെ വരവ് നിയന്ത്രിക്കണമെന്നും ഉത്തരവില്‍ പറയുന്നു.