വാഷിങ്ടണ്‍: മെറിന്‍ ജോയി കൊലപാതകക്കേസില്‍ ഭര്‍ത്താവ് ഫിലിപ്പ് മാത്യുവിന് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുമെന്ന് പ്രോസിക്യൂഷന്‍. കോടതിയില്‍ സമര്‍പ്പിച്ച രേഖകകളെ ഉദ്ധരിച്ച് സണ്‍ സെന്റിനല്‍ ഡോട്ട് കോമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
അമേരിക്കയില്‍ നഴ്‌സായി ജോലി നോക്കിയിരുന്ന മെറിന്‍, ജൂലൈ 28 രാവിലെയാണ് കൊല്ലപ്പെട്ടത്.
നീചവും കരുതിക്കൂട്ടിയുള്ളതുമാണ് കൊലപാതകമെന്നും സ്റ്റേറ്റ് അറ്റോര്‍ണി മൈക്കല്‍ സാറ്റ്‌സ് കോടതിയില്‍ സമര്‍പ്പിച്ച കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഗ്രാന്‍ഡ് ജൂറി ഫിലിപ്പ് മാത്യുവിനെതിരെ ഒന്നാം ഡിഗ്രി കൊലപാതക കുറ്റം സാധൂകരിച്ചാല്‍, വധശിക്ഷ ആവശ്യപ്പെടുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന കത്തില്‍ അറിയിച്ചിരിക്കുന്നത്.
നൈറ്റ് ഷിഫ്റ്റ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ ആശുപത്രിയുടെ പാര്‍ക്കിങ് ഗ്രൗണ്ടിലെത്തിയ മെറിനെ ഫിലിപ്പ് കുത്തിവീഴ്ത്തുകയും പിന്നീട് ദേഹത്തുകൂടി വാഹനം ഓടിച്ചു കയറ്റുകയുമായിരുന്നു. കൊലപാതക കുറ്റം ചുമത്തപ്പെട്ട ഫിലിപ്പ്, നിലവില്‍ ബ്രൊവാഡ് കൗണ്ടി ജയിലിലാണ് കഴിയുന്നത്.
content highlights: merin joy murder case, prosecution will seek death penality for husband