വാഷിങ്ടണ്‍: കോവിഡ് മുക്തയായതിന് ശേഷവും നീണ്ടു നില്‍ക്കുന്ന കടുത്ത ചുമയെ തുടര്‍ന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനോടൊപ്പമുള്ള തിരഞ്ഞെടുപ്പ് പ്രചാരണപരിപാടി മെലാനിയ ട്രംപ് റദ്ദാക്കി. ഇരുവരും അപൂര്‍വമായി ഒരുമിച്ച് പ്രത്യക്ഷപ്പെടുന്ന റാലികളിലൊന്നാണ് റദ്ദാക്കിയത്. 

ദിനംപ്രതി മെലാനിയയുടെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ട് വരികയാണെന്നും എന്നാല്‍ കടുത്ത ചുമ കാരണം യാത്ര ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെടുന്നതിനാലാണ് മെലാനിയ പരിപാടിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചതെന്നും അവരുടെ വക്താവ് സ്‌റ്റെഫാനി ഗ്രിഷാം ഔദ്യോഗികകുറിപ്പില്‍ വ്യക്തമാക്കി. 

ഒരു വര്‍ഷത്തെ കാലയളവിനിടെ ട്രംപിനൊപ്പമുള്ള മെലാനിയയുടെ ആദ്യ പൊതുപരിപാടിയാണ് പെന്‍സില്‍വാനിയയിലെ എറിയില്‍ നടക്കേണ്ടിയിരുന്നത്. 2019 മുതല്‍ മെലാനിയ ട്രംപിനൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നില്ല. തിരഞ്ഞെടുപ്പിന് മുമ്പുള്ള രണ്ടാഴ്ച ട്രംപിന് എല്ലാ ദിവസവും പ്രചാരണപരിപാടിയില്‍ പങ്കെടുക്കേണ്ടതുണ്ട്.

ഒക്ടോബര്‍ ആദ്യമാണ് ട്രംപിനും മെലാനിയയ്ക്കും മകന്‍ ബാരോണിനും കോവിഡ് സ്ഥിരീകരിച്ചത്. തന്റെ കോവിഡ് അനുഭവത്തെ കുറിച്ച് മെലാനിയ കഴിഞ്ഞയാഴ്ച വിശദീകരിച്ചിരുന്നു. ജലദോഷം, തലവേദന,ശരീരവേദന, കടുത്ത ക്ഷീണം എന്നിവയാണ് കോവിഡ് ബാധിതയായപ്പോള്‍ അനുഭവപ്പെട്ടതെന്നും മരുന്നുകള്‍ക്കപ്പുറം വിറ്റാമിനുകളും പോഷകാഹാരവും കഴിച്ച് പ്രകൃത്യാ തന്നെ ആരോഗ്യം വീണ്ടെടുക്കാനാണ് ശ്രമിച്ചതെന്നും മെലാനിയ പറഞ്ഞു. 

Content Highlights: Melania Trump Cancels Rare Campaign Appearance Due To Lingering Cough