സാന്റോ ഡൊമിംഗോ: ഡൊമിനിക്കയിലേക്കുള്ള പോക്കും തട്ടിക്കൊണ്ടുപോകലും മെഹുല്‍ ചോക്‌സിയുടെ നാടകമായിരുന്നുവെന്ന് റിപ്പോര്‍ട്ട്‌

ഇന്ത്യയില്‍ നിന്ന് മുങ്ങി മെഹുല്‍ ചോക്‌സി 2018ല്‍ കരീബിയന്‍ രാജ്യമായ ആന്റിഗ്വയില്‍ നിന്ന് പൗരത്വം സ്വന്തമാക്കിയിരുന്നു. എന്നാല്‍ അടുത്തിടെ ചോക്‌സിയെ ആന്റിഗ്വയില്‍ നിന്ന് പെട്ടെന്ന് ഒരുദിവസം കാണാതായി.

ആന്റിഗ്വയില്‍ നിന്ന് മുങ്ങിയ ചോക്‌സി ഡൊമിനിക്ക എന്ന ദ്വീപ് രാജ്യത്താണ് പൊങ്ങിയത്. അതിക്രമിച്ചു കയറിയതിന് അറസ്റ്റിലായതോടെയാണ് ചോക്‌സി ഡൊമിനിക്കയിലെത്തിയ കാര്യം സ്ഥിരീകരിക്കപ്പെടുന്നത്. എന്നാല്‍ ചോക്‌സിയെ ആന്റിഗ്വയിലെ ഒരു ഹാര്‍ബറില്‍ നിന്നും തട്ടികൊണ്ടുപോകുകയായിരുന്നുവെന്നാണ് അഭിഭാഷകന്‍ വ്യക്തമാക്കിയത്. 

എന്നാല്‍ ആന്റിഗ്വന്‍ സര്‍ക്കാര്‍ തന്നെ ഇന്ത്യയ്ക്ക് കൈമാറാന്‍ പോകുന്നതെന്നറിഞ്ഞ ചോക്‌സി ആസൂത്രണം ചെയ്ത നാടകമായിരുന്നു തട്ടികൊണ്ടുപോകല്‍ എന്നാണ് ആന്റിഗ്വ പോലീസ് വ്യക്തമാക്കുന്നത്. അന്വേഷണത്തിന് ശേഷം പൂര്‍ണ വിവരം പുറത്തുവിടുമെന്നും ആന്റിഗ്വന്‍ പോലീസ് വ്യക്തമാക്കി. 

ചോസ്‌കിയെ ഡൊമിനിക്കയില്‍നിന്ന് തിരികെയെത്തിക്കുന്നതിനായി ഇന്ത്യ അയച്ച ഖത്തര്‍ എയര്‍വേസ് വിമാനം കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. ഡൊമിനിക്കയിലെത്തി ഏഴുദിവസങ്ങള്‍ക്ക് ശേഷമാണ് വെറുംകയ്യോടെ സംഘം മടങ്ങുന്നത്. 

മെയ് 28നാണ് ചോസ്‌കിക്കെതിരായ കേസുകളുടെ രേഖകളുമായി ഉദ്യോഗസ്ഥര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ നിന്ന് ഖത്തര്‍ എക്സിക്യൂട്ടീവ് ഫ്ളൈറ്റ് എ7സിഇഇ യാത്ര തിരിക്കുന്നത്. അതീവരഹസ്യമായിട്ടായിരുന്നു യാത്ര. ഡൊമിനിക്കയിലെ മാരിഗോട്ടിലേക്കായിരുന്നു വിമാനമെത്തിയത്. ചോക്സിയെ തിരികെ കൊണ്ടുവരുന്നതിന് വേണ്ടി ഏഴുദിവസമാണ് വിമാനം കാത്തുകിടന്നത്.

Content Highlight: Mehul Choksi Planned Abduction’ to Dominica