സെയ്ന്റ് ജോണ്‍സ്: ബാങ്ക് തട്ടിപ്പ് നടത്തി രാജ്യം വിട്ട ഇന്ത്യന്‍ രത്‌നവ്യാപാരി മെഹുല്‍ ചോക്‌സിയെ നാടുകടത്തുന്നത് ഡൊമിനിക്ക കോടതി തടഞ്ഞു. ഇന്ത്യയില്‍ നിന്ന് മുങ്ങി ആന്റിഗ്വയില്‍ താമസിക്കുകയായിരുന്ന ചോക്‌സി ഇവിടെ നിന്ന് ക്യൂബയിലേക്ക് കടക്കുന്നതിനിടെയാണ് കരീബിയന്‍ ദ്വീപായ ഡൊമിനിക്കയില്‍ വെച്ച് പിടിയിലാകുന്നത്.

നിലവില്‍ ഡൊമിനിക്കയിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ(സി.ഐ.ഡി) കസ്റ്റഡിയിലുള്ള അദ്ദേഹത്തെ ആന്റിഗ്വ പോലീസിനു കൈമാറാനുള്ള ശ്രമങ്ങള്‍ നടക്കുന്നതിനിടെയാണ് ഇത് തടഞ്ഞ് കോടതി വിധിയുണ്ടായത്‌.

ഇന്ത്യയിലേക്ക് കൈമാറുന്നതിനായി ചോക്‌സിയെ വിട്ടുനല്‍കണമെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ ആവശ്യപ്പെട്ടിരുന്നു. ചോക്‌സിയുടെ അഭിഭാഷകര്‍ ഇതിനെ കോടതിയില്‍ എതിര്‍ത്തു. അദ്ദേഹമിപ്പോള്‍ ഇന്ത്യന്‍ പൗരനല്ലെന്ന് അഭിഭാഷകര്‍ കോടതിയില്‍ ചൂണ്ടിക്കാട്ടി.

അടുത്ത വെള്ളിയാഴ്ച കോടതി വീണ്ടും വാദംകേള്‍ക്കും. ആന്റിഗ്വയില്‍ നിന്ന്‌ മെഹുല്‍ ചോക്‌സിയെ ഡൊമിനിക്കയിലേക്ക്‌ തട്ടിക്കൊണ്ടുപോകുകയായിരുന്നുവെന്നാണ് അഭിഭാഷകര്‍ വാദിച്ചത്‌. അദ്ദേഹം ക്രൂരമായ മര്‍ദ്ദനങ്ങളേറ്റിട്ടുണ്ടെന്നും കോടതിയില്‍ ചോക്‌സിയുടെ അഭിഭാഷകന്‍ പറഞ്ഞു.

2017ല്‍ ബാങ്ക് തട്ടിപ്പു പുറത്തുവന്നതിനുപിന്നാലെ കരീബിയന്‍ ദ്വീപുരാജ്യമായ ആന്റിഗ്വയിലേക്ക് കടന്ന ചോക്‌സി, അവിടത്തെ പൗരത്വം സ്വന്തമാക്കിയിരുന്നു.