Photo : NDTV
സെയ്ന്റ് ജോണ്‍സ്: ഡൊമിനിക്കന്‍ കസ്റ്റഡിയിലുള്ള മെഹുല്‍ ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റിപ്പോര്‍ട്ട്. ഡൊമിനിക്ക ചൈന ഫ്രണ്ട്ഷിപ്പ് ആശുപത്രിയിലാണ് ചോക്‌സിയെ പ്രവേശിപ്പിച്ചിച്ചിട്ടുള്ളത്. നേരത്തെ നടത്തിയ കോവിഡ് പരിശോധനയില്‍ ചോക്‌സിയുടെ ഫലം നെഗറ്റീവാണെന്ന് കണ്ടെത്തിയിരുന്നു. ചോക്‌സിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായുള്ള വാര്‍ത്ത അദ്ദേഹത്തിന്റെ ഡൊമിനിക്കയിലെ അഭിഭാഷകനായ ജസ്റ്റിന്‍ സൈമണ്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചോക്‌സിയുടെ ആരോഗ്യനില സംബന്ധിച്ച കൂടുതല്‍ വിവരം ലഭ്യമല്ല. പോലീസ് കസ്റ്റഡിയിലുള്ള ചോക്‌സിയുടെ പുറത്തു വന്ന ചിത്രത്തില്‍ അദ്ദേഹം വളരെ ക്ഷീണിതനായി കാണപ്പെട്ടിരുന്നു.
അതിനിടെ, പെണ്‍സുഹൃത്തുമൊത്തുള്ള ഉല്ലാസയാത്രയ്ക്കിടെയാണ് മെഹുല്‍ ചോക്‌സി ഡൊമിനിക്കയില്‍ വെച്ച് അറസ്റ്റ് ചെയ്യപ്പെട്ടതെന്ന് ആന്റിഗ്വ പ്രധാനമന്ത്രി ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു. ആന്റിഗ്വയില്‍ നിന്നുള്ള ചോക്‌സിയുടെ തിരോധാനം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് പ്രാദേശിക റേഡിയോ നിലയത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗാസ്റ്റണ്‍ ബ്രൗണ്‍ ഇക്കാര്യം അറിയിച്ചത്.
ആന്റിഗ്വന്‍ പൗരത്വമുള്ളതിനാല്‍ ചോക്‌സിയെ തങ്ങള്‍ക്ക് ഇന്ത്യയിലേക്ക് നാടുകടത്താനാവില്ലെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു. പൗരത്വത്തെ സംബന്ധിച്ച് അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ടെങ്കിലും ഭരണഘടനാപരമായും നിയമപരമായും സംരക്ഷണത്തിനുള്ള അവകാശം ചോക്‌സിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോക്‌സിയെ ആന്റിഗ്വയിലെത്തിക്കാതെ ഇന്ത്യയിലേക്ക് തിരിച്ചയക്കാന്‍ ഡൊമിനിക്കയോടാവശ്യപ്പെട്ടതായി ഗാസ്റ്റണ്‍ നേരത്തെ അറിയിച്ചിരുന്നു.
അനധികൃതമായി ഡൊമിനിക്കയില്‍ പ്രവേശിച്ചു എന്ന കുറ്റം ചുമത്തിയാണ് ഡൊമിനിക്കന്‍ അധികൃതര്‍ ചോക്‌സിയെ തടവിലാക്കിയിരിക്കുന്നത്. ചോക്‌സിക്കെതിരെയുള്ള ബാങ്ക് തട്ടിപ്പ് കേസുമായി ബന്ധമുള്ള ചിലര്‍ ആന്റിഗ്വ അധികൃതരുമായി ചേര്‍ന്നാണ് ചോക്‌സിയെ കടത്തിക്കൊണ്ടു പോയതെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകരുടെ ആരോപണം. ചോക്‌സി ക്രൂരമായി പീഡിപ്പിക്കപ്പെട്ടതായും അഭിഭാഷകര്‍ പറയുന്നു.
എന്നാല്‍ അഭിഭാഷകരുടെ ആരോപണങ്ങള്‍ ആന്റിഗ്വ അധികൃതര്‍ നിഷേധിച്ചു. ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍ ചോക്‌സിക്കെതിരെ മതിയായ രേഖകളുമായി ഡൊമിനിക്കയിലെത്തിച്ചേര്‍ന്നതായും ഡൊമിനിക്ക അധികൃതര്‍ക്ക് കാര്യങ്ങള്‍ ബോധ്യമാകുന്ന മുറയ്ക്ക് ചോക്‌സിയെ ഇന്ത്യയ്ക്ക് കൈമാറുമെന്നും ഗാസ്റ്റണ്‍ ബ്രൗണ്‍ അറിയിച്ചു.
Content Highlights: Mehul Choksi admitted to hospital in Dominica


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..