സൗരയൂഥത്തിലെ ഏറ്റവും വേഗത കൂടിയ ചെറുഗ്രഹത്തെ കണ്ടെത്തി. മണിക്കൂറില്‍ 94,000 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ചെറുഗ്രഹം 2016 AJ193 ഭൂമിയെ കടന്ന് പോയി ദിവസങ്ങള്‍ മാത്രമാകുമ്പോഴാണ് 113 ദിവസം മാത്രമെടുത്ത് പരിക്രമണം പൂര്‍ത്തിയാക്കുന്ന മറ്റൊരു ചെറുഗ്രഹത്തെ ചിലിയിലെ ഡാര്‍ക്ക് എനര്‍ജി ക്യാമറ(Dark Energy Camera-DECam) കണ്ടെത്തിയിരിക്കുന്നത്. ഓഗസ്റ്റ് 13 നാണ് ഈ ഓട്ടക്കാരന്‍ ആദ്യമായി ശാസ്ത്രജ്ഞരുടെ കണ്ണില്‍ പെട്ടത്. 

2021 PH27 എന്ന് നാമകരണം ചെയ്തിരിക്കുന്ന ചെറുഗ്രഹം ഒരു തവണ സൂര്യനെ ചുറ്റാനെടുക്കുന്ന സമയം ബുധനൊഴികെ മറ്റ് ഗ്രഹങ്ങളേക്കാള്‍ കുറവാണ്. ബുധഗ്രഹത്തിന് ഒരു പരിക്രമണം പൂര്‍ത്തിയാക്കാന്‍ 88 ഭൗമദിനങ്ങളാണ് വേണ്ടത്. കൂടാതെ സൂര്യന് ഏറ്റവും സമീപത്ത് കടന്നുപോകുന്ന ആകാശവസ്തുവും 2021 PH27 ആണ്. സൂര്യനില്‍ നിന്ന് 20 മില്യണ്‍ കിലോമീറ്റര്‍(12.4 മില്യണ്‍ മൈല്‍)അകലെ ഈ ചെറുഗ്രഹം കടന്നുപോകുന്നു. അതേസമയം സൂര്യനില്‍ നിന്ന് 47 മില്യണ്‍ കിലോമീറ്റര്‍(29 മില്യണ്‍ മൈല്‍) അകലെ വരെയാണ് ബുധന്‍ സഞ്ചാരത്തിനിടെ എത്തുന്നത്. 

സൂര്യന് ഏറ്റവുമരികെ എത്തുന്നതിനാല്‍ 500 ഡിഗ്രി സെല്‍ഷ്യസ്(900 ഫാരന്‍ഹീറ്റ്)വരെ താപനിലയിലൂടെ2021 PH27 കടന്നു പോകും. സൂര്യന്റെ ഘനമുള്ള ഗുരുത്വാകര്‍ഷണ പ്രതലത്തിന് ഏറെ അരികിലൂടെയാണ് ഈ ചെറുഗ്രഹത്തിന്റെ യാത്രയെന്നാണ് ബഹിരാകാശശാസ്ത്രജ്ഞരുടെ അനുമാനം. ചൊവ്വയുടേയും വ്യാഴത്തിന്റേയും ഇടയിലുള്ള പ്രധാന ആസ്റ്ററോയ്ഡ് ബെല്‍റ്റിന്റെ(asteroid belt) ഭാഗമാണ് ഈ കുഞ്ഞുഗ്രഹമെന്നും മറ്റ് ഗോളങ്ങളുടെ ഗുരുത്വാകര്‍ഷണബലത്തിന്റെ ഫലമായി സൂര്യന്റെ സമീപത്തേക്ക് ഇതിന്റെ സഞ്ചാരപഥം നീക്കപ്പെട്ടതാവാമെന്ന നിഗമനത്തിലാണ് ശാസ്ത്രജ്ഞര്‍. 

ഈ ചെറുഗോളത്തിന്റെ ഭ്രമണപഥത്തിന് കാലക്രമേണ വ്യതിയാനുണ്ടാകാമെന്നും കാലക്രമേണ ബുധനുമായോ ശുക്രനുമായോ ചിലപ്പോള്‍ സൂര്യനുമായോ കൂട്ടിയിടിക്കാമെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു, പക്ഷെ ലക്ഷക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷം മാത്രം. ഈ ചെറുഗ്രഹം ഒരു വാല്‍നക്ഷത്രമാണോയെന്ന സംശയവും ശാസ്ത്രജ്ഞര്‍ക്കുണ്ട്. എന്തായാലും നിലവില്‍ ഈ ചെറുഗ്രഹത്തില്‍ നിന്ന് ഭീഷണിയൊന്നുമില്ലാത്തതിനാല്‍ മറ്റ് ചെറുഗ്രഹങ്ങളുടെ കൂടി പഠനത്തിലാണ് ശാസ്ത്രജ്ഞര്‍. 

 

Content Highlights: Meet the Usain Bolt of asteroids it takes just 113 Earth days to move around Sun