ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്രമോദിയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്ന ഹൗഡി മോദിക്ക് പിന്നാലെ ഇന്ത്യയും അമേരിക്കയും തമ്മിലുള്ള വ്യാപാര ബന്ധത്തില്‍ സുപ്രധാന തീരുമാനങ്ങളുണ്ടായേക്കുമെന്ന് സൂചന. 

യു.എസ്. ഉത്പന്നങ്ങള്‍ക്ക് ഇന്ത്യ ഏര്‍പ്പെടുത്തിയ അധിക ഇറക്കുമതി തീരുവയില്‍ ചില മാറ്റങ്ങള്‍ വരുത്തിയേക്കുമെന്നും, യു.എസില്‍നിന്ന് ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപങ്ങള്‍ ഉറപ്പുവരുത്താന്‍ ഇന്ത്യ ശ്രമിച്ചേക്കുമെന്നുമാണ് റിപ്പോര്‍ട്ടുകള്‍. ഇതോടൊപ്പം ഇന്ത്യയ്ക്ക് നല്‍കിയിരുന്ന വ്യാപാര മുന്‍ഗണനാ പദവി പുന:സ്ഥാപിക്കുന്നത് സംബന്ധിച്ചും കൂടിക്കാഴ്ചയില്‍ തീരുമാനമുണ്ടായേക്കും. 

ഇന്ത്യ ഇറക്കുമതി തീരുവ വര്‍ധിപ്പിച്ച ഉത്പന്നങ്ങളില്‍നിന്നും കാര്‍ഷിക ഉത്പന്നങ്ങളുടെ അധിക തീരുവ കുറയ്ക്കാനാകും യു.എസ്. ആവശ്യപ്പെടുക. യു.എസില്‍നിന്നുള്ള ബദാം, പന്നി മാംസം, ക്ഷീര ഉത്പന്നങ്ങള്‍, ചെറിപ്പഴം, ആപ്പിള്‍ തുടങ്ങിയവ വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ.  ഈ സാഹചര്യത്തില്‍ ക്ഷീര ഉത്പന്നങ്ങള്‍ അടക്കം ചില ഉത്പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ കുറയ്ക്കാന്‍ ഇന്ത്യ സമ്മതിച്ചേക്കുമെന്നാണ് സൂചന. ഇലക്ട്രോണിക് ഉത്പന്നങ്ങളുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും തീരുവ കുറയ്ക്കാനും യു.എസ്. സമ്മര്‍ദം ചെലുത്തുന്നുണ്ട്. 

അതേസമയം, ഇറക്കുമതി തീരുവ കുറയ്ക്കുന്നതിന് പകരമായി നേരത്തെ പിന്‍വലിച്ച വ്യാപാര മുന്‍ഗണനാ പദവി കുറച്ചുവര്‍ഷങ്ങള്‍ കൂടി തുടരാന്‍ ഇന്ത്യ യു.എസിനോട് ആവശ്യപ്പെട്ടേക്കും. 

സെപ്റ്റംബര്‍ 22-ന് ഹൂസ്റ്റണിലാണ് ഹൗഡി മോദി പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന പരിപാടിയില്‍ യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും പങ്കെടുക്കുന്നതോടെ ഒരു ഇന്ത്യന്‍ പ്രധാനമന്ത്രിയും യു.എസ്.പ്രസിഡന്റും സംയുക്തമായി ഒരു റാലിയെ അഭിസംബോധന ചെയ്യുന്നുവെന്ന പ്രത്യേകതയും ഹൗഡി മോദിക്ക് ലഭിക്കും. 

Content Highlights: Media Reports After 'Howdy, Modi!', PM Modi And Trump May Agree To Lower Tariffs On Exports