വാഷിങ്ടണ്‍: നേരിട്ട ലൈംഗിക അതിക്രമങ്ങള്‍ തുറന്നുപറയാന്‍ സ്ത്രീകള്‍ക്ക് പ്രചോദനമായ 'മീ ടൂ' ഹാഷ് ടാഗ് കാമ്പയിനെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി ടൈംസ് മാസിക തിരഞ്ഞെടുത്തു. 'നിശ്ശബ്ദത ഭേദിച്ചവര്‍' എന്നാണ് മീ ടൂ കാമ്പയിനിൽ തുറന്നു പറച്ചിൽ നടത്തിയവരെ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് എഡ്വാര്‍ഡ് ഫെല്‍സെന്താല്‍ വിശേഷിപ്പിച്ചത്.

ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിങ്, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എന്നിവരെ പിന്തള്ളിയാണ് മീ ടൂ ഹാഷ് ടാഗ് തിരഞ്ഞെടുക്കപ്പെട്ടത്. സാമൂഹിക പ്രവര്‍ത്തകയായ ടരാന ബുര്‍കെയാണ് മീ ടൂ വിന്റെ സ്രഷ്ടാവ്.

എന്നാല്‍ ഹോളിവുഡ് നിര്‍മാതാവായ ഹാര്‍വി വിന്‍സ്‌റ്റൈനെതിരെ ലൈംഗിക പീഡന ആരോപണങ്ങള്‍ പുറത്തെത്തിയതിനു പിന്നാലെയായിരുന്നു മീ ടൂ ഹാഷ്ടാഗ് വൈറലായത്. അമേരിക്കന്‍ അഭിനേത്രിയായ അലൈസ മിലാനോയാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.

ലൈംഗിക അതിക്രമങ്ങള്‍ നേരിട്ടവര്‍ അത് സാമൂഹിക മാധ്യമങ്ങളിലൂടെ തുറന്നു പറയുകയും മീ ടു(ഞാനും) എന്ന് ആ കുറിപ്പിനൊപ്പം ചേര്‍ക്കുകയുമായിരുന്നു മീ ടു ഹാഷ് ടാഗില്‍ ചെയ്തിരുന്നത്. പ്രശസ്തരും അല്ലാത്തവരുമായ ദശലക്ഷക്കണക്കിന് ആളുകളാണ് മീ ടൂവിന്റെ ഭാഗമായി മാറിയത്.

content highlights: me too campaign TIMES magazine person of the year 2017 times magazine