പോർട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പരിക്കേറ്റ ഡോള്‍ഫിനുകളെ രക്ഷപ്പെടുത്താനുള്ള ശ്രമത്തിലാണ് മത്സ്യത്തൊഴിലാളികള്‍. ജാപ്പനീസ് കപ്പലില്‍ നിന്നുണ്ടായ എണ്ണച്ചോര്‍ച്ചയെത്തുടർന്ന് പ്രദേശത്തെ കടലിലെ ആവാസവ്യവസ്ഥയ്ക്ക് വലിയ ആഘാതമുണ്ടായി.
40ഓളം ഡോള്‍ഫിനുകളാണ് ലഗൂണിന് സമീപം ചത്തനിലയില്‍ കണ്ടെത്തിയത്. എണ്ണച്ചോര്‍ച്ചയില്‍ കാഴ്ച നഷ്ടപ്പെട്ട ഡോള്‍ഫിനുകള്‍ പലതും ലഗൂണില്‍ തട്ടി പരിക്കുകളേറ്റ് മരണത്തോട് മല്ലിടുകയാണ്.
45 ഡോള്‍ഫിനുകളെ ഇതുവരെ പ്രദേശത്ത് നിന്ന് ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പത്തിലധികം ഡോള്‍ഫിനുകളെ ഗുരുതര പരിക്കുകളേറ്റ നിലയിലും കണ്ടെത്തിയിട്ടുണ്ട്.
"ഡോള്‍ഫിനുകളുടെ കാഴ്ചയ്ക്ക് തകരാറു സംഭവിച്ചിട്ടുണ്ട്. അതിനാല്‍ പവിഴപുറ്റുകള്‍ക്കിടയില്‍ കുടുങ്ങി ഡോള്‍ഫിനുകള്‍ക്ക് വലിയ പരിക്കുകളേല്‍ക്കുകയാണ്", പ്രദേശത്തെ മത്സ്യത്തൊഴിലാളിയായ യസ്ഫീര്‍ ഹീനയെ പറയുന്നു.
പക്ഷെ ഇതാണ് മരണകാരണമെന്ന അധികൃതര്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഡോള്‍ഫിനുകള്‍ക്ക് നീന്താന്‍ കഴിയാത്തത് എന്തുകൊണ്ടാണെന്ന് നിര്‍ണ്ണയിക്കാനായി ചത്ത ഡോള്‍ഫിനുകളുടെ ചില സാമ്പിളുകള്‍ ലാബിലേക്ക് അയച്ചതായി ഫിഷറീസ് മന്ത്രാലയത്തിലെ ജാസ്വിന്‍ സോക് അപ്പാട് പറഞ്ഞു.
രണ്ട് ഡോള്‍ഫിനുകളുടെ ജഡം പരിശോധിച്ചതില്‍ ഹൈഡ്രോകാര്‍ബണിന്റെ അംശം കണ്ടെത്തിയിട്ടില്ല. പരിക്കുകളേറ്റതാണ് മരണ കാരണം എന്ന പ്രാഥമിക നിഗമനത്തിലാണ് എത്തിയിരിക്കുന്നത്. എണ്ണചോര്‍ച്ചയെത്തുടര്‍ന്ന് വലിയ പ്രതിഷേധമാണ് മേഖലയില്‍ ജനങ്ങളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്.
നിലവില്‍ പവിഴ പുറ്റില്‍ കുടുങ്ങിയ ഡോള്‍ഫിനുകളെ രക്ഷിച്ച് കടലിലേക്ക് വിടാനുള്ള ശ്രമത്തിലാണ് ഇവിടെയുള്ള മത്സ്യത്തൊഴിലാളികള്‍. ഇല്ലെങ്കില്‍ മറ്റുള്ളവയെപ്പോലെ ഇവയും പരിക്കുകളേറ്റ് ചത്തൊടുങ്ങുമെന്ന് മത്സ്യത്തൊഴിലാലിയായ യസ്ഫീര്‍ ഹീന പറയുന്നു.
15 കിലോമീറ്ററോളം തീരപ്രദേശത്തെ എണ്ണച്ചോര്‍ച്ച ബാധിച്ചിട്ടുണ്ട്. 38 തരം പവിഴപുറ്റുകളും 78 തരം മത്സ്യങ്ങളും ഉള്ള ജൈവവൈവിധ്യ കലവറയാണ് ഈ പ്രദേശം.
ജൂലായ് 25-നാണ് ജപ്പാന്‍ എണ്ണക്കപ്പല്‍ എം.വി. വകാഷിയോ മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകര്‍ന്നത്. സിങ്കപ്പൂരില്‍ നിന്ന് ബ്രസീലിലേക്ക് പോവുകയായിരുന്നു കപ്പല്‍. നാലായിരം ടണ്‍ ഇന്ധനം കപ്പലിലുണ്ടായിരുന്നു. പവിഴപ്പുറ്റില്‍ തട്ടി നിന്നുപോയ കപ്പലില്‍നിന്നുള്ള എണ്ണച്ചോര്‍ച്ച ഒരാഴ്ചയ്ക്കുശേഷമാണ് കണ്ടെത്തിയത്. പവിഴപ്പുറ്റുകളും കണ്ടല്‍ക്കാടുകളും ധാരാളമുള്ള പ്രദേശമാണിത്. വംശനാശം നേരിടുന്ന ജീവികളുടെ ആവാസകേന്ദ്രവും സഞ്ചാരകേന്ദ്രവുമാണ്. ആയിരംടണ്ണിലേറെ എണ്ണ കടലിലേക്ക് ഒഴുകിയതോടെ സംരക്ഷിതപ്രദേശത്തെ ശുദ്ധജലം മലിനമായി.
തിരമാലയുടെ ശക്തിയില്‍ ഞായറാഴ്ചയോടെ കപ്പല്‍ രണ്ടായി പിളര്‍ന്നു. എന്നാല്‍, അതിനുമുമ്പുതന്നെ അതില്‍നിന്ന് മൂവായിരത്തോളം ടണ്‍ എണ്ണ പമ്പുചെയ്ത് മാറ്റാന്‍കഴിഞ്ഞത് പാരിസ്ഥിതികാഘാതം കുറയ്ക്കാന്‍ സഹായിച്ചു. ഫ്രാന്‍സും ജപ്പാനും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനായി മൗറീഷ്യസിന് സഹായങ്ങള്‍ നല്‍കി. ഇന്ത്യയും സഹായമെത്തിച്ചിരുന്നു.
content highlights: Mauritius Battles Oil Spill, Blind Dolphins, 78 Fish Species at Risk