പോർട്ട് ലൂയിസ്: മൗറീഷ്യസ് തീരത്ത് പവിഴപ്പുറ്റിലിടിച്ച് തകർന്ന എണ്ണക്കപ്പലിൽനിന്ന് വൻതോതിൽ എണ്ണ ചോർന്ന സംഭവത്തിൽ കപ്പലിലെ ക്യാപ്റ്റനും ഡെപ്യൂട്ടിയും അറസ്റ്റിൽ. ഇന്ത്യൻ പൗരനായ ക്യാപ്റ്റൻ സുനിൽ കുമാർ നന്ദേശ്വറിനേയും അദ്ദേഹത്തിന്റെ ഡെപ്യൂട്ടിയായ ശ്രീലങ്കൻ പൗരനെയുമാണ് മൗറീഷ്യൻ പോലീസ് അറസ്റ്റ് ചെയ്തത്.

ഇരുവരേയും ഓഗസ്റ്റ് 25ന് കോടതിയിൽ ഹാജരാക്കും. എണ്ണക്കപ്പലിലെ മറ്റുജീവനക്കാരെ ചോദ്യംചെയ്യുമെന്നും അപകടത്തിൽ വിശദമായ അന്വേഷണം തുടരുമെന്നും മൗറീഷ്യസ് പോലീസ് അറിയിച്ചു.

ജപ്പാന്റെ ഉടമസ്ഥതയിലുള്ള എംവി വകാഷിയോ എന്ന കപ്പൽ സിങ്കപ്പൂരിൽ നിന്ന് ബ്രസീലിലേക്കുള്ള യാത്രയ്ക്കിടെ ജൂലായ് 25നാണ് മൗറീഷ്യൻ തീരത്ത് പവിഴപ്പുറ്റിലിടിച്ചത്. നാലായിരം ടൺ ഇന്ധനമാണ് കപ്പലിലുണ്ടായിരുന്നത്. ഇത് ചോര്‍ന്നതിനെ തുടര്‍ന്ന് ഓഗസ്റ്റ് ആറ് മുതൽ ആയിരം ടണ്ണിലേറെ എണ്ണയാണ് കടലിലേക്ക് ഒഴുകിയത്. തിരമാലയുടെ ശക്തിയിൽ ദിവസങ്ങൾക്ക് മുമ്പ് കപ്പൽ രണ്ടായി പിളരുകയും ചെയ്തു. കപ്പലിൽ നിന്ന് മൂവായിരത്തോളം ടൺ എണ്ണ പമ്പ് ചെയ്ത് മാറ്റിയിരുന്നു. ജപ്പാൻ, ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ ഇതിനായി മൗറീഷ്യസിന് സഹായങ്ങൾ നൽകിയിരുന്നു.

കണ്ടൽക്കാടുകളുടെയും വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെയും ആവാസകേന്ദ്രമായ സംരക്ഷിത പ്രദേശത്ത് ടൺ കണക്കിന് ഓയിൽ പടർന്നത് വൻ പാരിസ്ഥിതിക ദുരന്തത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. അതേസമയം, മൗറീഷ്യസ് തീരത്തോട് വളരെ ചേർന്ന് കപ്പലിന്റെ സഞ്ചാരപഥം എങ്ങനെ വന്നുവെന്ന് കാര്യങ്ങൾ ഇതുവരെ അധികൃതർ വ്യക്തമാക്കിയിട്ടില്ല. ഇക്കാര്യങ്ങളിലടക്കം അന്വേഷണം തുടരുകയാണ്.

content highlights:Mauritius Arrests Indian Captain, Deputy Of Oil-Spill Ship