ഇസ്ലാമാബാദ്: പാകിസ്താന്‍ പാര്‍ലമെന്റിലെ ഉപരിസഭയായ സെനറ്റില്‍ ചെയര്‍മാന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. ചെയര്‍മാനെ തിരഞ്ഞെടുക്കാനുള്ള വോട്ടിങ് നടക്കുന്നതിനിടെ സെനറ്റ് ഹാളിൽ ചൈനീസ് ഒളി ക്യാമറ കണ്ടെത്തിയതാണ് ബഹളത്തിലേക്ക് നയിച്ചതെന്നാണ് പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. തുടര്‍ന്ന് വോട്ടിങ് നടപടികള്‍ തടസ്സപ്പെട്ടു. ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. 

പുതുതായി തിരഞ്ഞെടുക്കപ്പെട്ട 48 എം.പിമാർ സത്യപ്രതിജ്ഞ ചെയ്തതിന് ശേഷമായിരുന്നു ചെയര്‍മാന്‍, ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പ്. രഹസ്യ ബാലറ്റ് ഉപയോഗിച്ചുള്ള തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനിടയിലാണ് സഭയില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ മാര്‍ച്ച് 3 നാണ് ഒഴിവുള്ള സെനറ്റ് സീറ്റുകളിലേക്ക് പാകിസ്താനില്‍ തിരഞ്ഞെടുപ്പ് നടന്നത്.

പ്രതിപക്ഷ മുന്നണിയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായി മുന്‍ പ്രധാനമന്ത്രി യൂസുഫ് റാസ ഗിലാനിയും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനത്തേക്ക് മൗലാനാ ഗഫൂര്‍ ഹൈദ്രിയുമാണ് മത്സരിച്ചിരുന്നത്. പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ നോമിനിയായി ഭരണകക്ഷി പി.ടി.ഐയുടെ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സാദിഖ് സഞ്ജ്‌റനിയും ഡെപ്യൂട്ടി ചെയര്‍മാന്‍ സ്ഥാനാര്‍ഥി മിര്‍സ മുഹമ്മദ് അഫ്രീദിയും മത്സരരംഗത്തുണ്ടായിരുന്നു.

നേരത്തെ സെനറ്റ് അംഗമായി യൂസുഫ് റാസ ഗിലാനി വിജയിച്ചത് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് വന്‍ തിരിച്ചടിയായിരുന്നു. ഇസ്ലാമാബാദ് ജനറല്‍ സീറ്റില്‍ ഗീലാനിയുടെ എതിരാളിയായി മത്സരിച്ച ധനമന്ത്രി അബ്ദുള്‍ ഹഫീസ് ഷെയ്ഖിനായി ഇമ്രാന്‍ ഖാന്‍ നേരിട്ട് പ്രചാരണത്തിനിറങ്ങിയിരുന്നു. 169 വോട്ടുകള്‍ക്കാണ് ഗിലാനി ഷെയ്ഖിനെ പരാജയപ്പെടുത്തിയത്.

Content Highlights: uproar in Pakistan Senate after Chinese spy cams discovered during voting for chairman’s pos