വാഷിങ്ടണ്‍:  ചിലിയില്‍ വന്‍ ഭൂചലനം. ഭൂകമ്പമാപിനിയില്‍ 8.3 രേഖപ്പെടുത്തിയ ചലനത്തെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കി. മൂന്നു പേര്‍ മരിച്ചു. ആളുകള്‍ വീടുകളില്‍ നിന്ന് പരിഭ്രാന്തരായി ഇറങ്ങിയോടി. തുടര്‍ ചലനങ്ങള്‍ ഭയന്ന് ആളുകള്‍ മണിക്കൂറുകളോളം തെരുവുകളില്‍ തന്നെ നിലയുറപ്പിച്ചു. കെട്ടിടങ്ങള്‍ ആടിയുലഞ്ഞു. ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങളുണ്ടായി.

 

തീരപ്രദേശങ്ങളില്‍ ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. ഇല്ലപ്പേല്‍ നഗരത്തില്‍ മതില്‍ ഇടിഞ്ഞുവീണ് ഒരു സ്ത്രീ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. ഇല്ലപ്പേലില്‍ നിന്ന് 46 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂചലനത്തിന് പിന്നാലെ തലസ്ഥാനമായ സാന്റിയാഗോയില്‍ വൈദ്യുതി ബന്ധം പൂര്‍ണമായി വിച്ഛേദിക്കപ്പെട്ടു. 

ചിലിയിലും, പെറുവിലും ഫ്രഞ്ച് പോളിനേഷ്യയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചിലിയുടെ കടല്‍ത്തീരങ്ങളില്‍ മൂന്നടിവരെ ഉയരത്തില്‍ തിരമാലകള്‍ വീശീയടിച്ചതായിട്ടാണ് റിപ്പോര്‍ട്ട്. ജപ്പാന്‍ തീരത്ത് വരെ സുനാമിക്ക് സാധ്യതയുണ്ട്.റിക്ടര്‍ സ്‌കെയിലില്‍ 8.3 രേഖപ്പെടുത്തിയ ചലനത്തിന് പിന്നാലെ മൂന്നു തുടര്‍ച്ചലനങ്ങളുമുണ്ടായി. 2010 ഫിബ്രവരിയില്‍ 8.8 രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ചിലിയിലുണ്ടായ സുനാമിയില്‍ പെട്ട് 500 ലധികം പേര്‍ മരിക്കുകയുണ്ടായി.