ഭൂചലനങ്ങളെ തുടർന്ന് പസഫിക്കിൽ തിരമാലകൾ ഉയരുന്നു | Photo : AFP
വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ വെള്ളിയാഴ്ച തുടര്‍ഭൂചലനങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിൽ ന്യൂസിലന്‍ഡ്, ന്യൂ കലെഡോണിയ, വനൗട്ടു എന്നിവടങ്ങളിലെ തീരദേശനിവാസികളെ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് ഒഴിപ്പിച്ചു. ഫ്രഞ്ച് സമുദ്രാതിര്‍ത്തിയില്‍ പത്തടി ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായതിനെ തുടര്‍ന്നാണ് തീരദേശവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. എന്നാൽ പിന്നീട് സുനാമി മുന്നറിയിപ്പ് പിൻവലിച്ചു.
ബീച്ചുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും മത്സ്യബന്ധനത്തിനും മറ്റുമായി കടലിലിറങ്ങരുതെന്നും നിരത്തുകളിലേക്ക് കൂട്ടമായെത്തി ഗതാഗതടസ്സമുണ്ടാക്കാതിരിക്കാനും എമര്‍ജന്‍സി സര്‍വീസസ് വക്താവ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ വീടുകളിലുള്ളവരോട് എത്രയും പെട്ടെന്ന് സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്റ് ഏജന്‍സി ആവശ്യപ്പെട്ടു.
ഭൂകമ്പമാപിനിയില്‍ 8.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം രേഖപ്പെടുത്തിയതിനെ തുടര്‍ന്നാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. അതിന് മുമ്പായി 7.4, 7.3 തീവ്രതയുള്ള ഭൂചനങ്ങള്‍ ഉണ്ടായിരുന്നു. തീരങ്ങള്‍ക്ക് സമീപത്തല്ല ഭൂകമ്പങ്ങളുണ്ടായതെങ്കിലും ചലനങ്ങളുടെ ഫലമായി സുനാമി ഉണ്ടാകാനുള്ള സാധ്യത നിലനില്‍ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ടോങ്കയുടെ സമുദ്രമേഖലയിലും തീവ്രത കുറഞ്ഞ തിരമാലകള്‍ ഉണ്ടായി. ജപ്പാന്‍, റഷ്യ, മെക്‌സികോ, തെക്കെ അമേരിക്കന്‍ തീരം എന്നിവടങ്ങളിലും തീവ്രത കുറഞ്ഞ തുടര്‍ തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ് നല്‍കുന്ന സൂചന. ആദ്യത്തെ രണ്ട് ഭൂചലങ്ങള്‍ക്ക് ശേഷം നല്‍കിയ സൂനാമി മുന്നറിയിപ്പ് പിന്നീട് പിന്‍വലിച്ചിരുന്നു.
എല്ലാ ജനങ്ങളും സുരക്ഷിതരാണെന്ന് വിശ്വസിക്കുന്നതായി പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍ ആദ്യത്തെ ഭൂചലനത്തിന് ശേഷം പങ്കുവെച്ച ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ പറഞ്ഞു. ന്യൂസിലന്‍ഡില്‍ ഭൂചലനങ്ങളുണ്ടാകാറുണ്ടെങ്കിലും ഇത്രയും തീവ്രതയുള്ള ചലനങ്ങള്‍ ഇതിന് മുമ്പ് താനനുഭവിച്ചിട്ടില്ലെന്ന് എമര്‍ജന്‍സി സര്‍വീസസ് മന്ത്രി കിരി അലാന്‍ പ്രതികരിച്ചു.
Content Highlights: Mass Evacuations In New Zealand As Powerful Quakes Spark Tsunami Alert
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..