ഫെയ്‌സ്ബുക്കും വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും കുറച്ചുമണിക്കൂറുകള്‍ പണിമുടക്കിയതേ ഓര്‍മയുള്ളൂ. മാര്‍ക്ക് സക്കര്‍ബെര്‍ഗിനുണ്ടായത് അറുനൂറു കോടിയിലധികം ഡോളറിന്റെ(ഏകദേശം 44,70,74,95,200 രൂപ) നഷ്ടമാണ്. അതോടെ ലോകസമ്പന്ന പട്ടികയില്‍ സക്കര്‍ബര്‍ഗിന്റെ സ്ഥാനം കൂപ്പുകുത്തുകയും ചെയ്തു. ഏകദേശം ഏഴുമണിക്കൂറാണ് സേവനങ്ങള്‍ പണി മുടക്കിയത്. 
 
സേവനങ്ങള്‍ പണിനിര്‍ത്തിയതോടെ വില്‍പനസമ്മര്‍ദം ഉയരുകയും ഫെയ്‌സ്ബുക്ക് ഓഹരികള്‍ വലിയതോതില്‍ വിറ്റഴിക്കപ്പെടുകയും ചെയ്തു. തിങ്കളാഴ്ച ഓഹരിവിലയില്‍ 4.9 ശതമാനം ഇടിവുണ്ടായി. തിരിച്ചടിക്കു പിന്നാലെ സക്കര്‍ബര്‍ഗിന്റെ ആസ്തി 121.6 ബില്യന്‍ ഡോളറാവുകയും ബ്ലൂംബെര്‍ഗ് ബില്യനേഴ്‌സ് ഇന്‍ഡെക്‌സില്‍ ബില്‍ ഗേറ്റ്‌സിനു താഴെ അഞ്ചാം സ്ഥാനത്ത് എത്തുകയും ചെയ്തു. ബ്ലൂംബെര്‍ഗ് ഇന്‍ഡെക്‌സ് പ്രകാരം, ആഴ്ചകള്‍ക്കുള്ളില്‍ 140 ബില്യന്‍ ഡോളറില്‍നിന്നാണ് സക്കര്‍ബര്‍ഗ് താഴേയ്‌ക്കെത്തിയത്. 
 
എന്താ ഇപ്പോ ഇവിടെ സംഭവിച്ചത്!!!
 
ഇന്ത്യന്‍ സമയം രാത്രി 9.06 ഓടെയാണ് സേവനങ്ങള്‍ ഡൗണ്‍ ആയത്. സിമ്മിന്റെ തകരാറാണോ അതോ നെറ്റ് വര്‍ക്ക് പ്രശ്‌നമാണോ? അതോ ഇനി ഡാറ്റാ കാലാവധി കഴിഞ്ഞതാണോ അങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉപയോക്താക്കളുടെ മനസ്സില്‍ ഉയര്‍ന്നത്. റീ സ്റ്റാര്‍ട്ട് ചെയ്തും എയ്‌റോ പ്ലെയിന്‍ മോഡ് ഇട്ടും മാറ്റിയുമൊക്കെ ആളുകള്‍ പ്രശ്‌നപരിഹാരത്തിന് ശ്രമിച്ചു. 
image
Image Courtesy: www.facebook.com/TrollRepublic
image 1
Image Courtesy: www.facebook.com/Troll.Malayalam
 
ആരാണ് സക്കര്‍ബര്‍ഗിനെ വീഴ്ത്തിയത്? 
 
സെപ്റ്റംബര്‍ 13 മുതല്‍ ഫെയ്‌സ്ബുക്കിന് 'പണികള്‍' കിട്ടാന്‍ തുടങ്ങിയിരുന്നു. കമ്പനിയുടെ ആഭ്യന്തര രേഖകളുടെ അടിസ്ഥാനത്തില്‍ ദ വാള്‍ സ്ട്രീറ്റ് ജേര്‍ണല്‍ പ്രസിദ്ധീകരിച്ചു തുടങ്ങി. വിസില്‍ ബ്ലോവര്‍ മുഖാന്തരമായിരുന്നു ഈ രേഖകള്‍ വാള്‍സ്ട്രീറ്റ് ജേര്‍ണലിന് ലഭിച്ചത്. കൗമാരക്കാരായ പെണ്‍കുട്ടികളുടെ മാനസികാരോഗ്യത്തെ ഇന്‍സ്റ്റഗ്രാം ദോഷകരമായി ബാധിക്കുന്നു എന്നത് ഉള്‍പ്പെടെയുള്ള, തങ്ങളുടെ ഉത്പന്നങ്ങളുമായി ബന്ധപ്പെട്ട നിരവധി പ്രശ്‌നങ്ങളെ കുറിച്ച് ഫെയ്‌സ്ബുക്കിന് അറിയമായിരുന്നു എന്നായിരുന്നു വെളിപ്പെടുത്തല്‍. ഇത് സര്‍ക്കാരിന്റെയും അധികൃതരുടെയും ശ്രദ്ധയില്‍പ്പെട്ടു. രണ്ടുദിവസം മുന്‍പ് ഒക്ടോബര്‍ മൂന്നിന് സുപ്രധാന രേഖകള്‍ പുറത്തുവിട്ട ആ വിസില്‍ ബ്ലോവര്‍ ക്യാമറയ്ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടു. ഫെയ്‌സ്ബുക്കിന്റെ സിവിക് മിസ്ഇന്‍ഫര്‍മേഷന്‍ ടീമില്‍ ലീഡ് പ്രോഡക്ട് മാനേജര്‍ ആയിരുന്ന ഫ്രാന്‍സെസ് ഹോജന്‍ ആയിരുന്നു ആ വിസില്‍ ബ്ലോവര്‍. 2021 മേയിലാണ് ഹോജന്‍ ഫെയ്‌സ്ബുക്ക് വിടുന്നത്. 
 
frances haugen
ഫ്രാന്‍സെസ് ഹോജന്‍| Photo: AFP 
എല്ലാവരും ഇവിടെ കമോണ്‍ എന്ന് 'സിഗ്നല്‍'
 
ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്‌സ് ആപ്പ് സേവനങ്ങള്‍ പണിമുടക്കിയതോടെ തിരയാന്‍ മാര്‍ഗം തപ്പി ആയിരങ്ങളാണ് സിഗ്നലിലേക്ക്‌ എത്തിയത്. ദശലക്ഷക്കണക്കിന് ഉപയോക്താക്കളാണ് തിങ്കളാഴ്ച സിഗ്നലില്‍ ചേര്‍ന്നതെന്ന് കമ്പനി ട്വീറ്റ് ചെയ്തു.
ഹലോ കേള്‍ക്കുന്നുണ്ടോ.. കേള്‍ക്കുന്നുണ്ടോ...
 
വാട്ട്‌സ് ആപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും ഡൗണ്‍ ആയ ഗ്യാപ്പില്‍ ഗൂഗിളും ട്വിറ്ററുമൊക്കെ ഗോള്‍ അടിക്കുകയും ചെയ്തു. 
 
ട്രോള്‍... ട്രോള്‍... ട്രോള്‍...
 
വാട്ട്‌സാപ്പും ഇന്‍സ്റ്റഗ്രാമും ഫെയ്‌സ്ബുക്കും പണി മുടക്കിയതിന് പിന്നാലെ ട്രോളുകള്‍ പെരുമഴയായി പെയ്തിറങ്ങി.
 
image 2
Image Courtesy: www.facebook.com/EntertainmentHub316
image 3
Image Courtesy: www.facebook.com/EntertainmentHub316
 
മാപ്പു പറഞ്ഞ് സക്കര്‍ബര്‍ഗ് 
 
ഫെയ്സ്ബുക്കും അവരുടെ ആശയ വിനിമയ പ്ളാറ്റ്ഫോമുകളായ വാട്സാപ്പും ഇന്‍സ്റ്റഗ്രാമും മണിക്കൂറുകളോളം നിശ്ചലമായതിന് പിന്നാലെ സംഭവത്തില്‍ മാപ്പ് പറഞ്ഞ് ഫെയ്സ്ബുക്ക് സി.ഇ.ഒ. മാര്‍ക്ക് സക്കര്‍ബര്‍ഗ്. ഇവയുടെ പ്രവര്‍ത്തനം ചൊവ്വാഴ്ച സാധാരണ നിലയിലാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ആയിരുന്നു സക്കര്‍ബര്‍ഗിന്റെ ക്ഷമാപണം. തടസമുണ്ടായതില്‍ ഖേദിക്കുന്നു. പ്രിയപ്പെട്ടവരുമായി നിരന്തരം ബന്ധം പുലര്‍ത്താന്‍ ഞങ്ങളുടെ സേവനങ്ങളെ നിങ്ങള്‍ എത്രത്തോളം ആശ്രയിക്കുന്നു എന്നകാര്യം തനിക്ക് അറിയാമെന്നും അദ്ദേഹം പറഞ്ഞു.

content highlights: mark zuckerberg losses 6 billion dollar