Representative Image| Photo: Canva.com
ഭാര്യയും താനും സഹോദരങ്ങളാണെന്ന് തിരിച്ചറിയുന്ന ഒരു വ്യക്തിയുടെ മാനസികാവസ്ഥ ഊഹിക്കാനാകുമോ? ഭാര്യയുടെ ചികിത്സാര്‍ഥം നടത്തിയ വൈദ്യപരിശോധനക്കിടെയാണ് ഭാര്യ തന്റെ സഹോദരിയാണെന്ന് തിരിച്ചറിഞ്ഞതെന്ന കാര്യം റെഡ്ഡിറ്റ് എന്ന സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമിലൂടെ അടുത്തിടെയാണ് ഒരു ഉപയോക്താവ് വെളിപ്പെടുത്തിയത്. ജനിച്ച് മിനിറ്റുകള്‍ കഴിഞ്ഞപ്പോള്‍ ദത്ത് നൽകപ്പെട്ട കുട്ടിയാണ് താനെന്നും തന്റെ ജനനസര്‍ട്ടിഫിക്കറ്റില്‍ ദത്തെടുത്ത മാതാപിതാക്കളുടെ പേരാണുള്ളതെന്നും യഥാര്‍ഥ മാതാപിതാക്കളെക്കുറിച്ച് തനിക്ക് യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നും യുവാവ് പോസ്റ്റില്‍ പറയുന്നു.
അതീവ ഗുരുതരാവസ്ഥയില്‍ വൃക്കമാറ്റിവെക്കൽ ശസ്ത്രക്രിയക്കൊരുങ്ങുന്ന ഭാര്യയോട് ഇക്കാര്യം താനെങ്ങനെ അവതരിപ്പിക്കുമെന്നും ഈ സാഹചര്യത്തെ എത്തരത്തിലാണ് നേരിടേണ്ടതെന്നും യുവാവ് റെഡ്ഡിറ്റ് ഉപയോക്താക്കളോട് ആരായുന്നുണ്ട്. പിന്നീട് രണ്ടാഴ്ചയ്ക്ക് ശേഷം ഈ വിഷയത്തെ ഏതുവിധത്തിലാണ് താന്‍ അഭിമുഖീകരിക്കാന്‍ പോകുന്നതെന്നുള്ള വിവരങ്ങളുമായി യുവാവ് പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തിട്ടുമുണ്ട്.
.jpg?$p=71e446e&&q=0.8)
മകന്റെ ജനനത്തിന് പിന്നാലെ ഭാര്യ അസുഖബാധിതയായി. വൃക്കമാറ്റിവെക്കാനുള്ള നിര്‍ദേശം ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ചതോടെ അനുയോജ്യമായ വൃക്കക്കായി നെട്ടോട്ടമായി. ബന്ധുക്കളില്‍ പലരേയും സമീപിച്ചു. പക്ഷെ, അനുയോജ്യമായ വൃക്ക ലഭിച്ചില്ല. ഒടുവില്‍ തന്റേത് യോജിക്കാനിടയുണ്ടോ എന്ന ആലോചന വന്നുതിനെ തുടർന്ന് പരിശോധന നടത്താമെന്ന തീരുമാനത്തിലെത്തി. പ്രാഥമിക പരിശോധനകള്‍ അനുകൂലമായതോടെ മറ്റു ചില പരിശോധനകള്‍ കൂടി നടത്താന്‍ ഡോക്ടര്‍ ആവശ്യപ്പെട്ടു. പക്ഷെ, ആ പരിശോധനകള്‍ മാറ്റിമറിച്ചത് ആ ദമ്പതിമാരുടെ ജീവിതമാണ്.
ഭാര്യയുടേയും തന്റേയും വൃക്കകള്‍ തമ്മില്‍ അസാധാരണമായ വിധത്തില്‍ അനുയോജ്യമാണെന്നായിരുന്നു പരിശോധനാഫലം. മാതാപിതാക്കളുടേയും കുട്ടികളുടേയും ഡിഎന്‍എകള്‍ തമ്മില്‍ വളരെയേറെ യോജിപ്പുണ്ടാകുന്നത് സ്വാഭാവികമാണെന്നും മറ്റുള്ളവരുടെ കാര്യത്തില്‍ ഇത് അപൂര്‍വമാണെന്നുമായിരുന്നു ഡോക്ടറുടെ അഭിപ്രായം. ഇരുവരും സഹോദരീ സഹോദരൻമാരാകാനുള്ള സാധ്യത ഡോക്ടർ ചൂണ്ടിക്കാട്ടി.
എട്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ജോലിസംബന്ധമായ യാത്രക്കിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. തുടര്‍ന്ന് സൗഹൃദത്തിലാകുകയും രണ്ട് കൊല്ലത്തിന് ശേഷം വിവാഹിതരാവുകയും ചെയ്തു. 'തമാശ പറയുകയല്ല, ഞങ്ങള്‍ രക്തബന്ധമുള്ളവരാണ്. എന്താണിനി ചെയ്യേണ്ടതെന്ന് എനിക്കറിയില്ല. ഈ ബന്ധം ചിലപ്പോള്‍ തെറ്റാവാം, അവള്‍ എന്റെ ഭാര്യയാണ്, എന്റെ രണ്ട് കുട്ടികളുടെ അമ്മയാണ്..', യുവാവ് പോസ്റ്റില്‍ പറയുന്നു.
ആദ്യം വൃക്ക നല്‍കി ഭാര്യയുടെ ജീവന്‍ രക്ഷിക്കൂവെന്നും ബാക്കി അതിനുശേഷം ആലോചിക്കാമെന്നും നിരവധി പേര്‍ യുവാവിന് കമന്റിലൂടെ ഉപദേശം നല്‍കി. രണ്ടാഴ്ചയ്ക്ക് ശേഷം കമന്റിലൂടെ അഭിപ്രായം പങ്കുവെച്ച എല്ലാവര്‍ക്കും നന്ദിയറിയിച്ച് യുവാവ് വീണ്ടും പോസ്റ്റ് അപ്‌ഡേറ്റ് ചെയ്തു. ഭാര്യയ്ക്ക് വൃക്ക നല്‍കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി വരുന്നതായും ഭാര്യയെ താനൊരിക്കലും ഉപേക്ഷിക്കില്ലെന്നും അവള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കുമെന്നും യുവാവ് പറഞ്ഞു. തങ്ങളെക്കുറിച്ചുള്ള യാഥാര്‍ഥ്യം ഇപ്പോള്‍ അറിയിച്ച് ഭാര്യയെ സങ്കടത്തിലാക്കുന്നില്ലെന്നും ശസ്ത്രക്രിയയ്ക്ക് ശേഷം ഭാര്യയുമായി കൂടിയാലോചിച്ച ശേഷം മക്കളെ ഇക്കാര്യം അറിയിക്കുമെന്നും യുവാവ് പറയുന്നു. ഈ ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളാണുള്ളത്.
Content Highlights: Man Who Wanted To Donate Kidney To Sick Wife, Discovers They’re Biologically Related
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..