വെയ്ല്‍സ്:  ആ ദിവസം വീടിന്റെ വാതില്‍ തുറന്ന ഓവന്‍ വില്യംസിനെ കാത്തിരുന്നത് കാലങ്ങള്‍ കഴിഞ്ഞാലും മനസില്‍ നിന്ന് ഒരിക്കലും മറക്കാനാകാത്ത സമ്മാനമായിരുന്നു.

അയല്‍ക്കാരന്‍ കെന്നിന്റെ മകള്‍ ഒരു വലിയ പ്ലാസ്റ്റിക് സഞ്ചിയുമായി മുന്നില്‍ നില്‍ക്കുന്നതു കണ്ട ഓവന്‍ ആദ്യം കരുതിയത് സഞ്ചിയിലെ ചപ്പുചവറുകള്‍ എവിടെയെങ്കിലും ഉപേക്ഷിക്കാന്‍ തന്റെ സഹായം തേടി എത്തിയതാവാമെന്നാണ്. എന്നാല്‍ അതിനുള്ളില്‍ തന്റെ രണ്ടു വയസുകാരിയായ മകള്‍ക്ക് 14 വര്‍ഷത്തേക്കുള്ള ക്രിസ്മസ് സമ്മാനമായിരുന്നു എന്ന് അയാള്‍ കരുതിയതേയില്ല.പക്ഷേ ഇത്രയും കാലത്തേക്കുള്ള സമ്മാനം ശേഖരിച്ച് ഒരുക്കിവെച്ചത്‌ അടുത്തിടെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട കെന്നനാണെന്ന് അറിഞ്ഞ അയാള്‍ക്ക് സന്തോഷിക്കണോ കരയണോ എന്ന് അറിയാത്ത അവസ്ഥയായി. ഒക്ടോബറിലായിരുന്നു കെന്നിന്റെ മരണം. 

മൂന്നു വര്‍ഷം മുമ്പാണ് ഓവനും ഭാര്യയും കെന്നിന്റെ വീട്ടിനടുത്ത് താമസത്തിനെത്തിയത്. അന്നു മുതല്‍ ഇരുവീട്ടുകാരും തമ്മില്‍ നല്ല ബന്ധത്തിലായിരുന്നു. അവിടെയെത്തി അടുത്ത കൊല്ലമാണ് ഓവന് മകള്‍ ജനിക്കുന്നത്. കുഞ്ഞ് കാഡിയുടെ മുത്തച്ഛന്റെ സ്ഥാനത്തായിരുന്നു കെന്‍. സ്വന്തം കൊച്ചുമകളെ പോലെയായിരുന്നു കെന്നിന് അവള്‍.അവള്‍ക്ക് സ്‌നേഹവും വാല്‍സല്യവും കെന്‍ നിര്‍ലോഭം നല്‍കി. കഴിഞ്ഞ ക്രിസ്മസിന് കാഡിക്ക് സമ്മാനം നല്‍കുകയും ചെയ്തിരുന്നു.

gift
Photo tweeted by OwenWilliams

ഈ സമ്മാനക്കൂമ്പാരം കണ്ട് താന്‍ കുറച്ചു സമയത്തേക്ക് സ്തബ്ദനായിപ്പോയി എന്ന് ഓവന്‍ പറയുന്നു. സമ്മാനസഞ്ചി കണ്ട് ഭാര്യയും ഭാര്യയോട് വീഡിയോചാറ്റിലായിരുന്ന ഭാര്യാമാതാവും കരച്ചിലടക്കാന്‍ പാടുപെട്ടുവെന്നും ഓവന്‍ പറയുന്നു. സമ്മാനങ്ങളെ കുറിച്ച് ഓവന്‍ ട്വിറ്ററില്‍ കുറിച്ചു. ധാരാളം പേര്‍ കമന്റുകള്‍ രേഖപ്പെടുത്തുകയും ചെയ്തു. സമ്മാനങ്ങളെല്ലാം ഇപ്പോള്‍ തുറന്നു പരിശോധിക്കണോയെന്ന് ട്വിറ്റര്‍ സുഹൃത്തുക്കളോട് ചോദിക്കുകയും ചെയ്തു. അന്‍പതിനായിരത്തിലധികം പേര്‍ അഭിപ്രായവുമായി ട്വിറ്ററിലെത്തിയിരുന്നു.

പുസ്തകങ്ങളും കളിപ്പാട്ടങ്ങളും അടങ്ങുന്ന സമ്മാനശേഖരം അടുത്ത പതിനാലു വര്‍ഷത്തേക്ക് സൂക്ഷിക്കണോയെന്നാണ് ഓവന്റെ സംശയം. കാരണം സമ്മാനങ്ങള്‍ മുഴുവന്‍ ചെറിയ പ്രായത്തിലുള്ള കുട്ടിക്കുള്ളതാണ്. ഇപ്പോള്‍ തന്നെ അതൊക്കെ മകള്‍ക്ക് നല്‍കാമെന്നാണ് ഓവന്‍ കരുതുന്നത്. വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വലിയ കുട്ടിയാവുന്ന കാഡിക്ക് അപ്പോള്‍ ഈ സമ്മാനങ്ങള്‍ ആവശ്യമില്ലല്ലോ എന്നതിനാലാണ്‌ ഇപ്പോള്‍ തന്നെ ഇതൊക്കെ അവള്‍ക്ക് നല്‍കാണെന്ന തീരുമാനമെടുക്കാന്‍ ഓവനെ പ്രേരിപ്പിച്ചത്. 

Content Highlights: Man Who Died Left Christmas Gifts "For 14 Years" For Neighbours' Child