തോളത്തൊരു മഞ്ഞതത്ത, കൈയില്‍ പെരുമ്പാമ്പ്, പാട്ട്, ഡാന്‍സ്...നാടോടി നൃത്തമാണെന്ന് തെറ്റിദ്ധരിക്കേണ്ട. ടിക് ടോക്കില്‍ ആയിരക്കണക്കിനാളുകള്‍ കണ്ട 30 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു വീഡിയോയാണിത്. ടിക് ടോക് ഉപയോക്താവായ ഹെയ്‌ലി റോബന്‍ പങ്കുവെച്ച വീഡിയോ പിന്നീട് സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമുകളിലും ഷെയര്‍ ചെയ്യപ്പെട്ടതോടെ തന്റെ 'വളര്‍ത്തോമനകളു'മായി വളരെ 'ജോളി'യായി നടന്നു നീങ്ങുന്ന ചെറുപ്പക്കാരനെ അദ്ഭുതത്തോടെ നോക്കിക്കാണുകയാണ് ഓണ്‍ലൈന്‍ ലോകം. 

ട്രാഫിക് സിഗ്നലില്‍ കാത്തുനില്‍ക്കുന്നതിനിടെയാണ് ഹെയ്‌ലിയുടേയും സുഹൃത്തുക്കളുടേയും മുന്നിലേക്ക് യുവാവിന്റെ എന്‍ട്രി. വളരെ കൂളായി ഇടത്തരം വലിപ്പമുള്ള ഒരു പെരുമ്പാമ്പിനെ കൈയില്‍ പിടിച്ച് ഏതോ പാട്ടിനൊപ്പം ചുവട് വെച്ച് നടന്നു നീങ്ങുകയാണ് ആ ചെറുപ്പക്കാരന്‍. വലതു തോളില്‍ മഞ്ഞ നിറമുള്ള ഒരു തത്ത ഇരിക്കുന്നത് കാണാം. നടക്കുന്നതിനിടെ ഇടയ്ക്ക് ഒരു കൈയില്‍ നിന്ന് മറ്റേ കൈയിലേക്ക് പാമ്പിനെ മാറ്റിപ്പിടിക്കുകയും ചെയ്യുന്നുണ്ട് അയാള്‍.

നേരെ നടക്കുന്നതിനിടെ ഫോണ്‍ കൈയിലെടുക്കുന്നുണ്ട്. ട്രാഫിക് സിഗ്നലിനരികില്‍ എത്തിയയുടന്‍ സൗകര്യാര്‍ഥം പാമ്പിനെ നിലത്ത് ഒറ്റ വെയ്പാണ് പിന്നെ. റോഡ് ക്രോസ് ചെയ്യുന്നതിനുള്ള സിഗ്നലിനായി സ്വിച്ചമര്‍ത്തി വീണ്ടും പാമ്പിനെ എടുക്കുന്നു, വാലില്‍ തൂക്കിയാണെന്ന് മാത്രം. സംഗീതാസ്വാദനം അയാള്‍ ശേഷവും തുടരുന്നു, ഒപ്പം ഫോണിലുമുണ്ട് ശ്രദ്ധ. 

വീഡിയോ വൈറലായെങ്കിലും പാമ്പിനോടുള്ള യുവാവിന്റെ അലക്ഷ്യമായ പെരുമാറ്റത്തെ നിരവധി പേര്‍ വിമര്‍ശിച്ചു. മറ്റു മൃഗങ്ങളോടെന്ന പോലെ വളര്‍ത്തുന്ന പാമ്പുകളോടും പെരുമാറണമെന്ന് ചിലർ യുവാവിന് കമന്റിലൂടെ ഉപദേശം നല്‍കി. 

 

 

Content Highlights: Man Walks Casually With Python In Hand Parrot On Shoulder Viral Video