ഡെന്‍വര്‍: ഡേറ്റിങ് ആപ്പുകള്‍ മനുഷ്യരുടെ നിത്യജീവിതത്തിന്റെ ഭാഗമായി കഴിഞ്ഞിരിക്കുകയാണ്. കൊറോണ വ്യാപനത്തിന് ശേഷം ഡേറ്റിങ് ആപ്പുകളുടെ ഉപയോഗം വര്‍ധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഡേറ്റിങ് ആപ്പുകളുമായി ബന്ധപ്പെട്ട് യു.എസിലെ ഡെന്‍വറില്‍ നിന്ന് പുറത്തുവന്ന വിചിത്രമായ ഒരു വാര്‍ത്തയാണ് ഇന്നത്തെ ഹിറ്റ്. ഡേറ്റിങ് ആപ്പില്‍ ആവശ്യത്തിന് പെണ്‍കുട്ടികള്‍ ഇല്ലാത്തതിനാല്‍ ഒരു യുവാവ് ആപ്പ് സര്‍വീസ് പ്രൊവൈഡര്‍ക്കെതിരെ കോടതിയെ സമീപിച്ചതാണ് വാര്‍ത്ത.

ആപ്പില്‍ വളരെ കുറച്ച് പെണ്‍കുട്ടികള്‍ മാത്രമേ ഉള്ളുവെന്ന് കാണിച്ചാണ് ഇയാന്‍ ക്രോസ് എന്ന 29കാരന്‍ കോടതിയെ സമീപിച്ചിരിക്കുന്നതെന്ന് ഡെന്‍വര്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡെന്‍വര്‍ ഡേറ്റിങ് കോ എന്ന ആപ്പിന്റെ സര്‍വീസ് പ്രൊവൈഡര്‍ ആയ എച്ച്.എം.സെഡ് ഗ്രൂപ്പിനെതിരെയാണ് യുവാവ് പരാതി നല്‍കിയിരിക്കുന്നത്. 

ആപ്പിന്റെ ശരിക്കുള്ള അവസ്ഥയെ കമ്പനി പെരുപ്പിച്ചുകാട്ടി എന്നും പരാതിയില്‍ പറയുന്നു. വഞ്ചന കുറ്റം ചുമത്തി കമ്പനിക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഇയാളുടെ ആവശ്യം. 

25 മുതല്‍ 35 വരെ പ്രായത്തിലുള്ള നിരവധി പെണ്‍കുട്ടികള്‍ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിന്റെ പ്രതിനിധി തന്നോട് പറഞ്ഞതായി യുവാവ് പറയുന്നു. എന്നാല്‍ വലിയ പണം നല്‍കി അംഗത്വം എടുത്തപ്പോഴാണ് ആ പ്രായപരിധിയില്‍ വെറും അഞ്ച് പെണ്‍കുട്ടികള്‍ മാത്രമാണ് ആപ്പില്‍ ഉള്ളതെന്ന് മനസ്സിലായതെന്നും പരാതിയില്‍ പറയുന്നു.

Content Highlights: Man sues dating website over alleged lack of women in database