
പ്രതീകാത്മകചിത്രം| Photo: AFP
ലണ്ടന്‍: എന്തുകാര്യത്തിനാണെങ്കിലും എത്ര കുറച്ചു സമയത്തേക്കാണെങ്കിലും നമ്മളില്‍ പലര്‍ക്കും വലിയ മടിയുള്ള കാര്യമാണ് വരിനില്‍ക്കല്‍. എന്നാല്‍ മറ്റുള്ളവര്‍ക്കു വേണ്ടി വരിനിന്ന് പണമുണ്ടാക്കുന്നൊരാളുണ്ട്, അങ്ങ് ബ്രിട്ടനില്‍. ലണ്ടന്‍ സ്വദേശി ഫ്രെഡി ബെക്കിറ്റാണ് നമ്മളില്‍ പലര്‍ക്കും അറുബോറായി തോന്നുന്ന വരിനില്ക്കലിനെ ക്രിയാത്മകമായി ഉപയോഗിച്ച് പണം സമ്പാദിക്കുന്നത്. ഫുള്‍ഹാമിലെ താമസക്കാരനായ ഫ്രെഡിക്ക് 31 വയസ്സാണ് പ്രായം.
പണക്കാരും എന്നാല്‍ വരിനില്‍ക്കാന്‍ താല്പര്യമില്ലാത്തവരുമായ വ്യക്തികള്‍ക്കു വേണ്ടിയാണ് ഫ്രെഡി ജോലി ചെയ്യുന്നത്. ഇവര്‍ക്കു വേണ്ടി ജനപ്രിയ പരിപാടികളുടെയും മറ്റും ടിക്കറ്റുകള്‍ ഫ്രെഡി വരിനിന്ന് വാങ്ങി കൈമാറും. മണിക്കൂറിന് 20 പൗണ്ടു(ഏകദേശം 2,026.83 രൂപ)വരെയാണ് ഫ്രെഡി ഈടാക്കുന്നത്. പ്രതിദിനം 160 പൗണ്ടുവരെ(ഏകദേശം 16,218.68) താന്‍ സമ്പാദിക്കുന്നുണ്ടെന്ന് ഫ്രെഡി പറയുന്നു. അസാമാന്യ ക്ഷമ ആവശ്യമുള്ള ജോലിയാണ് തന്റേതെന്നും ഇദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.
അപ്പോളോ തിയേറ്ററിലെ പരിപാടി പോലുള്ള അതീവ ജനപ്രിയ പരിപാടികള്‍ക്കു വേണ്ടി വരിനില്ക്കുന്നതാണ് തന്റെ ഏറ്റവും മികച്ച ദിവസങ്ങളെന്നും ഫ്രെഡി പറയുന്നു. വി ആന്‍ഡ് എയുടെ ക്രിസ്ത്യന്‍ ഡിയോര്‍ പ്രദര്‍ശനത്തിന് വേണ്ടി അറുപത്തഞ്ചോളം വയസ്സുള്ള ചിലയാളുകള്‍ക്കു വേണ്ടി എട്ടുമണിക്കൂറോളം ജോലി ചെയ്തിട്ടുണ്ട്. ടിക്കറ്റിനായി മൂന്നു മണിക്കൂറേ വരിനില്‍ക്കേണ്ടി വന്നിരുന്നുള്ളൂ. എന്നാല്‍ ടിക്കറ്റ് വാങ്ങാന്‍ ആവശ്യപ്പെട്ടവര്‍, തങ്ങള്‍ക്കു വേണ്ടി കാത്തുനില്ക്കണമെന്നു കൂടി ഫ്രെഡിയോട് ആവശ്യപ്പെട്ടു. അതുകൊണ്ട് ബാക്കിവന്ന സമയം മ്യൂസിയത്തില്‍ ചിലവഴിക്കാന്‍ ഫ്രെഡിക്ക് അവസരം ലഭിക്കുകയും അതിന് പണം കിട്ടുകയും ചെയ്തു. അത് അടിപൊളിയായിരുന്നു- ഫ്രെഡി കൂട്ടിച്ചേര്‍ത്തു.
ശൈത്യകാലത്ത് കോച്ചുവിറയ്ക്കുന്ന തണുപ്പത്തും ഫ്രെഡിക്ക് ജോലി ചെയ്യേണ്ടി വരാറുണ്ട്. വേനല്‍ക്കാലത്ത്, ലണ്ടനില്‍ വലിയ പരിപാടികളും പ്രദര്‍ശനങ്ങളും നടക്കുമ്പോഴാണ് ഫ്രെഡിക്ക് തിരക്കേറുക. ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ടാസ്ക് റാബിറ്റിലാണ് തന്റെ കഴിവ് ഫ്രെഡി പരസ്യപ്പെടുത്തിയത്. ഓമനമൃഗങ്ങളുടെ പരിചരണം, പാക്കിങ്, പൂന്തോട്ട പരിപാലനം തുടങ്ങിയവയ്ക്കും താന്‍ സന്നദ്ധനാണെന്ന് ഫ്രെഡി സൈറ്റില്‍ വ്യക്തമാക്കുന്നുണ്ട്. എന്തെങ്കിലും പ്രത്യേക കഴിവ് ആവശ്യമുള്ള ജോലി അല്ലാത്തിനാലാണ് മണിക്കൂറിന് 20 പൗണ്ടില്‍ കൂടുതല്‍ ഈടക്കാന് സാധിക്കാത്തതെന്നും ഫ്രെഡി പറയുന്നു.
content highlights: man standing in line for rich earns huge some of money
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..