പാരിസ്: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിനെ ജനമധ്യത്തില്‍വെച്ച് മുഖത്തടിച്ചു. രാജ്യവ്യാപകമായി നടത്തുന്ന യാത്രയ്ക്കിടെ ജനങ്ങളുമായി സംവദിക്കുന്നതിനിടെയാണ് ആള്‍ക്കൂട്ടത്തിനിടയില്‍നിന്ന് ഒരാള്‍ മാക്രോണിന്റെ മുഖത്തടിച്ചത്. തെക്കന്‍ ഫ്രാന്‍സിലെ ഡ്രോമില്‍ ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ജനസമ്പര്‍ക്ക പരിപാടിക്കിടയില്‍ ഒരു വേലിക്ക് അരികില്‍ നില്‍ക്കുന്നവര്‍ക്കരികിലേക്ക് എത്തിയ മാക്രോണിനു നേരേ കൂട്ടത്തില്‍ ഒരാള്‍ അക്രമം നടത്തുകയായിരുന്നു. ഹസ്തദാനത്തിനായി കൈനീട്ടിയ മാക്രോണിന്റെ കവിളത്ത് അടിച്ചു. ഉടന്‍തന്നെ മാക്രോണിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇടപെടുകയും അദ്ദേഹത്തെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റുകയും ചെയ്തു. സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായിട്ടുണ്ട്. 

കോവിഡ് മഹാമാരിക്കു ശേഷം രാജ്യത്തെ സാഹചര്യങ്ങള്‍ നേരിട്ട് വിലയിരുത്തുന്നതിനാണ് മാക്രോണ്‍ രാജ്യവ്യാപകമായ സന്ദര്‍ശന പരിപാടി നടത്തുന്നത്. ചൊവ്വാഴ്ചയാണ് സന്ദര്‍ശന പരിപാടി ആരംഭിച്ചത്.

Content Highlights: Man slaps French President Emmanuel Macron in the face