സാധാരണ പോലെ വീട്ടിലേക്കാവശ്യമുള്ള പലചരക്കുസാധനങ്ങള്‍ വാങ്ങാനാണ് ആല്‍ബര്‍ട്ട്‌സണ്‍ അന്നും എത്തിയത്. ആവശ്യമുള്ളതൊക്കെ വാങ്ങി കാറിന്റെ പിന്‍സീറ്റില്‍ വെച്ച ശേഷം കാറില്‍ കയറി സ്റ്റാര്‍ട്ട് ചെയ്ത് കുറച്ചു മുന്നോട്ടെത്തിയപ്പോഴാണ് ആല്‍ബര്‍ട്ട്‌സണ്‍ അത് കണ്ടത്. കാറിന്റെ ഒരു വശത്തെ ഗ്ലാസില്‍ നിന്ന് ഒരു കൂട്ടം തേനീച്ചകള്‍ പറന്നിറങ്ങിയത്.

ന്യൂ മെക്‌സികോയില്‍ മാര്‍ച്ച് 28 നാണ് സംഭവം. ഏകദേശം 15,000 ത്തിലധികം തേനീച്ചകളാണ് ആല്‍ബര്‍ട്ട്‌സണ്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയതിനിടെ കാറിനുള്ളില്‍ നുഴഞ്ഞുകയറി ജനല്‍ചില്ലില്‍ ചേക്കേറിയത്. തേനീച്ചക്കൂട്ടത്തെ കണ്ടതോടെ ആല്‍ബര്‍ട്ട്‌സണ്‍ വണ്ടി നിര്‍ത്തി അഗ്നിരക്ഷാസേനയെ വിവരമറിയിച്ചു. ലാസ് ക്രൂസെസ് ഫയര്‍ ഡിപ്പാര്‍ട്‌മെന്റിലെ ഉദ്യോഗസ്ഥരെത്തി തേനീച്ചകളെ സുരക്ഷിതമായി നീക്കി. 

തേനീച്ചകളെ കൊന്നൊടുക്കുന്നതില്‍ താത്പര്യമില്ലെന്നും അവയെ സുരക്ഷിതമായി നീക്കി പുനരധിവസിപ്പിക്കുകയാണ് ചെയ്യേണ്ടതെന്നും തേനീച്ച വളര്‍ത്തലില്‍ തത്പരനായ അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥനായ ജെസ്സി ജോണ്‍സണ്‍ പറഞ്ഞു. ആല്‍ബര്‍ട്ട്‌സണിന്റെ കാറില്‍ നിന്ന് നീക്കിയ തേനീച്ചകളെ ജെസ്സി തന്റെ തേനീച്ച വളര്‍ത്തല്‍ കേന്ദ്രത്തിലേക്കാണ് മാറ്റിയത്. നീക്കുന്നതിനിടെ ആല്‍ബര്‍ട്ട്‌സണിന്റെ  സുരക്ഷാഉദ്യോഗസ്ഥന് ഒരു കുത്ത് കിട്ടിയതൊഴികെ വേറെ അപകടമൊന്നും തേനീച്ചകള്‍ വരുത്തിയില്ല എന്നാണ് വിവരം. 

'ജനപ്പെരുപ്പം' കാരണം കോളനികള്‍ വിട്ട് വരുന്ന തേനീച്ചക്കൂട്ടമാണ് ഇത്തരത്തില്‍ കുടിയേറ്റത്തിന് ശ്രമിക്കുന്നതെന്ന് തേനീച്ച വിദഗ്ധര്‍. എണ്ണം കൂടുമ്പോള്‍ സംഘത്തിലെ പകുതിയോളം തേനീച്ചകള്‍ പഴയ രാജ്ഞിക്കൊപ്പം കോളനി വിടും. ഇത്തരത്തില്‍ സമീപത്തുള്ള വീട്ടിലോ കെട്ടിടത്തിന്റെ മേരല്‍ക്കൂരയിലോ ഉള്ള കോളനിയില്‍ നിന്ന് വിട്ടുപോന്ന സംഘമാവണം ആല്‍ബര്‍ട്ട്‌സണിന്റെ കാറില്‍ സുരക്ഷിതമായി കൂടാന്‍ ശ്രമം നടത്തിയതെന്ന് ജെസ്സി പറയുന്നു. ഇവ പൊതുവെ അപകടകാരികളല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Bee Swarm that Invaded Parked Car is Safely Relocated by Off-duty Firefighter An off-duty Las Cruces firefighter used...

Posted by Las Cruces Police Department on Monday, March 29, 2021

 

 

Content Highlights: Man Shopping For Groceries Came Back To Find His Car Buzzing With Bees