ന്യൂഡല്‍ഹി: ഒരു മിനുട്ടില്‍ കൂടുതല്‍ ബര്‍ഗര്‍ തിന്ന്  24 കാരനായ ഫിലിപ്പൈന്‍ യുവാവ് ഗിന്നസ് റെക്കോര്‍ഡിലേക്ക്.  ഒരു മിനുട്ടില്‍ 107 ഗ്രാമിന്റെ അഞ്ച് ബര്‍ഗറുകളാണ് ഫ്രാന്‍സിസ്‌കൊ അകത്താക്കിയത്. ഗിന്നസ് ലോക റെക്കോര്‍ഡിന്റെ യൂട്യൂബ് ചാനലില്‍  ഫ്രാന്‍സിസ്‌കൊ ബര്‍ഗര്‍ കഴിക്കുന്നതിന്റെ വീഡിയോ അപ് ലോഡ് ചെയ്തിട്ടുണ്ട്.  മാര്‍ച്ച്  30 ന് അപ് ലോഡ് ചെയ്ത വീഡിയോ ഇതിനോകം തന്നെ  സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കഴിഞ്ഞു. 

ഫിലിപ്പൈന്‍സിലെ മെട്രോ മാനിലയില്‍ ഉള്ള പാസേയ് സിറ്റിയിലെ സാര്‍ക്ക് ബെര്‍ഗേഴ്‌സില്‍ വെച്ചാണ് മത്സരം സംഘടിപ്പിച്ചത്.  ആവേശകരമായ മത്സരത്തില്‍ കെല്‍വിന്‍ സാര്‍ക്മാന്‍ മെഡീനയെ ആണ് ഫ്രാന്‍സിസ്‌കോ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ 12 ഇഞ്ച് വലിപ്പമുള്ള പിസ 23.62 സെക്കന്റിനുള്ളില്‍ കഴിച്ച് റെക്കോര്‍ഡ് ഇട്ട ആളാണ് മെഡീന. 

വളരെ ലളിതമായ വ്യവസ്ഥകളോടെയാണ് മത്സരം സംഘടിപ്പിച്ചത്. മത്സരാര്‍ത്ഥകള്‍ ഒരു സമയം ഒരു ബര്‍ഗര്‍മാത്രമെ കഴിക്കാന്‍ പാടുള്ളുവെന്നായിരുന്നു പ്രധാന വ്യവസ്ഥ. ഒരു കൈയ്യില്‍ ബര്‍ഗവും മറു കൈയ്യില്‍ ഒരു ഗ്ലാസ് വെള്ളവും പിടിക്കാം. ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക,വീണ്ടും ബര്‍ഗര്‍ കഴിക്കുക വെള്ളം കുടിയ്ക്കുക ഈ രീതിയിലായിരുന്നു മത്സരം.