ഭൂമിയില്‍ നിന്ന് ആയിരക്കണക്കിന് അടി ഉയരെ, സാഹസികതയുടെ അനുഭവം നുകര്‍ന്ന് ആകാശത്ത് ഒഴുകി നീങ്ങുന്നതിനിടെ ഒരു വിവാഹാഭ്യര്‍ഥന-'അടിപൊളി' എന്നാണ് സോഷ്യല്‍മീഡിയയില്‍ വൈറലായ വെറൈറ്റി വീഡിയോയ്ക്ക് ലഭിച്ച കമന്റുകളേറെയും. പെണ്‍സുഹൃത്തുമൊത്തുള്ള സ്‌കൈ ഡൈവിങ്ങിനിടെയായിരുന്നു യുവാവിന്റെ 'അതിസാഹസികമായ' വിവാഹാഭ്യര്‍ഥന. 

വിങ്മാന്‍സ്‌കൈഡൈവ് എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് സ്‌കൈഡൈവ് മാരേജ് പ്രൊപ്പോസല്‍ എന്ന കുറിപ്പോടെ ടിക് ടോക്ക് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. യുവാവിന്റെ പേര് വ്യക്തമല്ലെങ്കിലും കാറ്റി എന്നാണ് പെണ്‍സുഹൃത്തിന്റെ പേരെന്ന് സൂചനയുണ്ട്. യുവാവ് പൈലറ്റാണെന്നാണ് സൂചന.   

ആകാശയാത്രയുടെ ഓരോ നിമിഷവും ഇരുവരും ആസ്വദിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്. തന്റെ വായില്‍ കടിച്ചു പിടിച്ചിരിക്കുന്ന മോതിരം യുവാവ് ആദ്യം കയ്യിലെടുത്ത് കാണിക്കുന്നുണ്ട്. അതിശയകരമായ യാത്ര ഒരുക്കിയതിന് യുവതി നന്ദി പറയുന്നതിനിടെയാണ് യുവാവിന്റെ 'ഐ ലവ് യൂ'. 

ഏതാനും നിമിഷത്തിന് ശേഷം 'ഓരോ ദിവസവും നിന്നോടുള്ള എന്റെ പ്രണയം വര്‍ധിക്കുകയാണെ'ന്ന് പറയുന്ന യുവാവ് തന്നെ വിവാഹം കഴിക്കാമോ എന്ന് മോതിരം നീട്ടി പെണ്‍സുഹൃത്തിനോട് ചോദിക്കുന്നു. പിന്നാലെ കാറ്റിയുടെ യെസ് പറച്ചിലും അവള്‍ സമ്മതിച്ചേ എന്നുള്ള യുവാവിന്റെ ആഹ്ലാദപ്രകടനവും വീഡിയോയില്‍ കാണാം. 

എന്തായാലും വിവാഹാഭ്യര്‍ഥനയ്ക്കും വിവാഹച്ചടങ്ങുകള്‍ക്കും വിവാഹ ഫോട്ടോഗ്രാഫിയ്ക്കുമായി നൂതനാശയങ്ങള്‍ തിരയുകയും നടപ്പാക്കുകയും ചെയ്യുന്ന പുതിയ ട്രെന്‍ഡിനിടെ ഈ സ്‌കൈഡൈവിങ് പ്രൊപ്പോസല്‍ വീഡിയോ ഓണ്‍ലൈന്‍ ലോകത്ത് വന്‍ ഹിറ്റാണിപ്പോള്‍.  

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Wingman (@wingmanskydive)

 

Content Highlights: Man proposes to his girlfriend while skydiving Viral Video